കരുകോണ്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പണിമുടക്കിന് ജോലിക്ക് എത്തിയവർ ഒപ്പിട്ടു മുങ്ങി
1574855
Friday, July 11, 2025 6:26 AM IST
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ പണിമുടക്ക് ദിവസം എത്തിയവര്‍ ഒപ്പിട്ടു മുങ്ങിയെന്ന് പരാതി. ഹൈസ്കൂള്‍ വിഭാഗത്തിലാണ് പണിമുടക്ക് ദിവസം എത്തിയ അധ്യാപകര്‍ ഒപ്പിട്ടു മുങ്ങിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
രാവിലെ സ്കൂളില്‍ സമരാനുകൂലികള്‍ എട്ടുപേര്‍ എത്തിയതായി രേഖപ്പെടുത്തിയ ശേഷമായിരുന്നു മുങ്ങൽ അരങ്ങേറിയത്. ഒപ്പിട്ടവർ സ്കൂള്‍ പ്രവര്‍ത്തനം അവസാനിക്കുന്ന സമയം വരെ ഉണ്ടാകണമെന്ന മുന്നറിയിപ്പ് ഇതിനിടെ സമരാനുകൂലികൾ നൽകിയിരുന്നെങ്കിലും ഉച്ചയോടെ വീണ്ടും സമരക്കാര്‍ എത്തുമ്പോൾ കണ്ടത് ആളൊഴിഞ്ഞ ഓഫീസായിരുന്നു.
ലൈബ്രറിയില്‍ ഒരു അധ്യാപകൻ മാത്രം അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ഹാജര്‍ രജിസ്റ്റര്‍ കാണണമെന്ന് പ്രതിഷേധക്കാര്‍ തുടർന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇത് ഏറെനേരം വാക്ക് തര്‍ക്കത്തിന് കാരണമായി.
വാക്കേറ്റം വഷളാകുമെന്ന് കണ്ടതോടെ ഹാജര്‍ ബുക്ക് കാണിക്കാം എന്ന നിലപാടിലേക്ക് അധ്യാപകൻ എത്തി. ഇതിനിടെ അഞ്ചല്‍ പോലീസും സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ സമരക്കാര്‍ നടത്തിയ പരിശോധനയില്‍ 12 പേര് ഒപ്പിട്ടതായി കണ്ടെത്തി. പക്ഷേ ഒരാള്‍ ഒഴികെ ആരും തന്നെ അപ്പോൾ സ്കൂളിൽ ഉണ്ടായിരുന്നില്ല.
ഇതോടെ നിയമനടപടിക്കൊരുങ്ങുകയാണ് സ്കൂള്‍ വികസന സമിതിയും ഇടതുമുന്നണിയും. വരും ദിവസങ്ങളില്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുകൊണ്ടു ശക്തമായ നടപടികളിലേക്ക് പോകുമെന്ന് സ്കൂള്‍ എസ്എംസി ചെയര്മാന് നിഷാദ്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അസീം ഉള്‍പ്പടെയുള്ള നേതാക്കാള്‍ അറിയിച്ചു.
എന്നാല്‍ പിടിഎ പ്രസിഡന്റ് പറഞ്ഞത് പ്രാകാരമാണ് അധ്യാപകര്‍ പോയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന ജയകുമാര്‍ എന്ന അധ്യാപകന് പറയുന്നത്.