‘കാത്തുകിടപ്പ് പതിവാക്കി’ പുനലൂർ -കന്യാകുമാരി എക്സ്പ്രസ്
1574580
Thursday, July 10, 2025 6:06 AM IST
കൊല്ലം: പുനലൂർ - കന്യാകുമാരി എക്സ്പ്രസ് (ട്രെയിൻ നമ്പർ 56705) കൊല്ലം ഔട്ടറിൽ കാത്തുകിടക്കുന്നത് നിത്യ സംഭവമായി. സിഗ്നൽ ലഭിക്കുന്നതിനായി ഏറെസമയം പിടിച്ചിടുന്നതിനാൽ ദുരിതത്തിലാവുന്നത് യാത്രക്കാരും. ഔട്ടറിൽ കാത്ത് കിടപ്പ് മൂലം പതിവ് യാത്രക്കാർ ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു.
ദിവസവും രാവിലെ 6.35ന് പുനലൂരിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് 8.30നാണ് കൊല്ലം സ്റ്റേഷനിൽ എത്തേണ്ടത്. എന്നാൽ മൈസൂർ -കൊച്ചുവേളി, പൂനെ - കന്യാകുമാരി ജയന്തി ജനത തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾ കടത്തിവിടാൻ ഔട്ടറിൽ ട്രെയിൻ പിടിച്ചിടുകയാണ് പതിവ്. ഇതോടെ അരമണിക്കൂറിലേറെ യാത്രക്കാർ ഔട്ടറിൽ കുടുങ്ങുന്നു. ഇത് സ്ഥിരം യാത്രക്കാരായ വിദ്യാർഥികൾക്കും ഓഫീസിലേക്ക് പോകുന്ന ജീവനക്കാർക്കും വളരെയേറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രയാസമനുഭവിക്കുന്ന യാത്രക്കാരിൽ പെൻഷൻകാരും തലസ്ഥാനത്തെ റീജണൽ കാൻസർ സെന്റർ, ശ്രീചിത്ര മെഡിക്കൽ സെന്റർ തുടങ്ങി വിവിധ ആശുപത്രികളിൽ പോകേണ്ട രോഗികളുമുണ്ട്. ഈ വണ്ടി ഇപ്പോൾ ഒരു മണിക്കൂർ വരെ വൈകിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. പുനലൂരിൽനിന്ന് -കന്യാകുമാരി എക്സ്പ്രസ് കടന്നുവരുന്ന സമയം കൊല്ലം സ്റ്റേഷനിൽ മറ്റ് പല പ്ലാറ്റ് ഫോമുകൾ ഒഴിവുണ്ടാകും. എന്നിട്ടും ഔട്ടറിൽ എന്തിന് പിടിച്ചിടുന്നുവെന്നാണ് യാത്രക്കാരുടെ ചോദ്യം.
കൊല്ലത്തിറങ്ങി മറ്റ് ട്രെയിനുകളിൽ എറണാകുളം ഭാഗത്തേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാരും റെയിൽവേ അധികൃതരുടെ ഈ നടപടിയിൽ വലയുകയാണ്. ഔട്ടറിൽ നിർത്തിയിടുന്നതിന് പകരം ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തിയാൽ തൃശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള മറ്റു ട്രെയിനുകളിലേക്ക് യാത്രക്കാർക്ക് മാറി യാത്രചെയ്യാനാകും.
ഔട്ടറിൽ ട്രെയിൻ പിടിച്ചിട്ട് യാത്രക്കാരുടെ സമയം കൊല്ലുന്ന അധികൃതരുടെ നടപടി തിരുത്തണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് ആവശ്യപ്പെട്ടു. അതുപോലെ കോട്ടയം – കൊല്ലം പാസഞ്ചർ ട്രെയിനിലെ യാത്രക്കാർക്ക് കൂടി ആശ്രയിക്കാൻ കഴിയും വിധം പുനലൂർ - കന്യാകുമാരി എക്സ്പ്രസി െ ന്റ കൊല്ലത്തുനിന്നുള്ള സമയം ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഇത് സംബന്ധിച്ച് യാത്രക്കാരും അവരുടെ വിവിധ സംഘടനകളും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും നിരവധി നിവേദനങ്ങൾ നൽകിയിട്ടും റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.