ചണ്ണപ്പേട്ടയിൽ മാട്ടിറച്ചി സ്റ്റാൾ പുനഃസ്ഥാപിക്കണമെന്ന്
1574857
Friday, July 11, 2025 6:26 AM IST
അഞ്ചല്‍ : അലയമൺ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ ചണ്ണപ്പേട്ടയിൽ മാട്ടിറച്ചി സ്റ്റാൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. അലയമൺ പഞ്ചായത്തിലും സമീപപ്രദേശമായ ഇട്ടിവാ പഞ്ചായത്തിലെയും പ്രധാന കാർഷിക വിപണന കേന്ദ്രമായ ചണ്ണപ്പേട്ട മാർക്കറ്റിനെ തകർക്കുവാൻ വേണ്ടി ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് ആക്ഷേപം ഉയരുകയാണ്.
മാംസ വ്യാപാര കേന്ദ്രം ചണ്ണപ്പേട്ടയിൽ ഇല്ലാത്തതുമൂലം കിലോമീറ്റർ സഞ്ചരിച്ച് വേണം വിശേഷ ദിവസങ്ങളില്‍ ഉൾപ്പെടെ ഇറച്ചി വാങ്ങാൻ. ഇത് ചണ്ണപ്പേട്ടയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.
പച്ചക്കറിയും മീനും പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പടെ ചണ്ണപ്പേട്ട ചന്തയിൽ നിന്നും ഇറച്ചി വാങ്ങുവാൻ പോകുന്നവര്‍ വാങ്ങി വരുന്നത് വ്യാപാരികളെ പ്രതി സന്ധിയിലാക്കുന്നുണ്ട്. ഇത് വ്യാപാര തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതായി ചണ്ണപ്പേട്ടയിലെ വ്യാപാരികള്‍ പറയുന്നു.
അലയമൺ പഞ്ചായത്തിന്റെ അനാസ്ഥയാണ് മാട്ടിറച്ചി സ്റ്റാൾ ചണ്ണപ്പേട്ടയിൽ ലേലത്തിന് എടുക്കാതിരിക്കാൻ കാരണമെന്നും ചന്തയുടെ പ്രവർത്തനം സുഗമമാക്കുവാൻ ഇറച്ചി സ്റ്റാൾ പുനഃസ്ഥാപിക്കണമെന്നും യുവജന കൂട്ടായ്മയായ ചണ്ണപ്പേട്ട ഡയറീസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, വാര്‍ഡ് അംഗം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ പലതവണ മാട്ടിറച്ചി സ്റ്റാള്‍ ലേലത്തിന് നടപടി എടുത്തിരുന്നുവെന്നും വളരെ കുറഞ്ഞ തുകയായതിനാൽ അംഗീകാരം ലഭിച്ചിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ പറഞ്ഞു. ഇപ്പോള്‍ സ്റ്റാള്‍ ലേലം ചെയ്തുവെന്നും ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.