പണിമുടക്കിൽ ജനം വലഞ്ഞു; പലയിടത്തും അക്രമം
1574588
Thursday, July 10, 2025 6:13 AM IST
കൊല്ലം: കേന്ദ്ര നയങ്ങൾക്ക് എതിരേ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തിയ പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണം. പണിമുടക്ക് പലയിടത്തും ജനജീവിതത്തെ സാരമായി ബാധിച്ചു. അങ്ങിങ്ങ് അക്രമവും ഉണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. മെഡിക്കൽ സ്റ്റോറുകളും ആശുപത്രികൾക്ക് സമീപമുള്ള ഹോട്ടലുകളും മാത്രമാണ് പ്രവർത്തിച്ചത്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിൽ ഇറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും പൊതുവേ കുറവായിരുന്നു. ബാങ്കുകളും അടഞ്ഞുകിടന്നു.
ജില്ലാ കളക്്ടറേറ്റിൽ അടക്കം സർക്കാർ ഓഫീസുകളിൽ ഹാജർനില വളരെ കുറവായിരുന്നു.അതേ സമയം ട്രെയിൻ സർവീസുകളെ പണിമുടക്ക് ബാധിച്ചില്ല. പക്ഷേ ട്രെയിനുകളിൽ യാത്രക്കാർ കുറവായിരുന്നു. ദീർഘദൂര ട്രെയിനുകളിൽ കൊല്ലത്ത് ഇറങ്ങിയവർ മറ്റ് വാഹനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടി. കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരനെ സമരാനുകൂലികൾ തടഞ്ഞു.
ഇത് പോലീസും സമരക്കാരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു.കരുനാഗപ്പളളിയിൽ നിന്ന് കൊല്ലത്തേയ്ക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സമരാനുകൂലികൾ തടഞ്ഞു. കൊല്ലം ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്രൈവർ ശ്രീകാന്തിന് മർദനവുമേറ്റു. കൊല്ലം ഡിപ്പോയിൽ നിന്ന് മൂന്നാർ, എറണാകുളം എന്നിവിടങ്ങളിലേക്ക് പോകാനിരുന്ന ബസുകളും സമരക്കാർ തടഞ്ഞു. ഇത് മൂലം റിസർവേഷൻ ചെയ്ത യാത്രക്കാർ അടക്കമുള്ളവർ വലഞ്ഞു.
കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കോട്ടയത്തേയ്ക്ക് സർവീസ് ആരംഭിച്ച ബസും സമരക്കാർ തടഞ്ഞിട്ടു.ആയൂരിൽ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരൻ നന്ദുവിനെ സമരക്കാർ മർദിച്ചു.പത്തനാപുരത്ത് മരുന്ന് വിതരണ ഗോഡൗൺ തുറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. ഇവിടെയടക്കം പലയിടത്തും പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന ആക്ഷേപമുണ്ട്. കൊല്ലം ചിന്നക്കടയിൽ സിമന്റ ുമായി പോയ ടാറസ് ലോറിയും സമരക്കാർ റോഡിൽ തടഞ്ഞിട്ടു
ചാത്തന്നൂർ
ചാത്തന്നൂർ: സംയുക്ത ട്രേഡ് യൂണിയ െ ന്റ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്ക് ചാത്തന്നൂർ മേഖലയിൽ പൂർണ മായിരുന്നു. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിലെ എല്ലാ സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു.
ചാത്തന്നൂർ കെഎസ്ആർടി സി ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും പുറത്തേക്കിറങ്ങിയില്ല. ഏറ്റവും വലിയ വ്യവസായ സ്ഥാപനമായ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ നിശ്ചലമായി. ചാത്തന്നൂർ പരവൂർ, പാരിപ്പള്ളി, ആദിച്ചനല്ലൂർ, കൊട്ടിയം മേഖലകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ടാക്സി - ഓട്ടോ സർവീസുകൾ ഒന്നും ഓടിയില്ല. സ്വകാര്യ ബസുകളും പണി മുടക്കിൽ പങ്കെടുത്തു. ജനജീവിതം സ്തംഭിച്ച അവസ്ഥയിലായിരുന്നു.
ചാത്തന്നൂർ ജംഗ്ഷനിൽ ഇടതുമുന്നണി പ്രകടനവും സമ്മേളനവും നടത്തിയതിനെ തുടർന്ന് പോലീസ് ദേശീയ പാതയിലൂടെ വന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.പണിമുടക്കി െ ന്റ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിൽ പ്രകടനവും യോഗവും നടന്നു. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജികുമാർ അധ്യക്ഷത വഹിച്ചു.
സി പി എം ഏരിയ സെക്രട്ടറി പി. വി. സത്യൻ ഉദ്ഘാടനം ചെയ്തു. സിപി ഐ മണ്ഡലം സെക്രട്ടറി അഡ്വ. ആർ. ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി .സണ്ണി, വി .രാധാകൃഷ്ണൻ, എഐടിയുസി നേതാവ് എൻ. രവീന്ദ്രൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ.എച്ച്. ഹരീഷ്, പ്രമീള, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. കെ. ഷിബു,നിമ്മി, ഷിജിൻദാസ്, സിഐടിയു നേതാക്കളായ ടി.ദിജു, ജി. ബിജു, പ്രദീപ്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് .എം. സജി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മലാ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വൈദ്യുതി ബോർഡ് ജീവനക്കാർ ചാത്തന്നൂരിൽ പ്രകടനം നടത്തി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി. പ്രദീപ് കുമാർ, ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി കിഷോർ കുമാർ, ഡിവിഷൻ പ്രസിഡന്റ് രാജേഷ്, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ഷെഫീക്ക്, ഡിവിഷൻ സെക്രട്ടറി സുനിൽകുമാർ ഡിവിഷൻ പ്രസിഡന്റ് അധീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
പരവൂർ
പരവൂർ: ലേബർ കോഡ് പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയം പിൻവലിക്കുക, മിനിമം വേദനവും പെൻഷനും കാലാനുസൃതമായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ദേശീയ പണിമുടക്കി െ ന്റ ഭാഗമായി ഐഎൻടിയുസി ചാത്തന്നൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രകടനവും സമ്മേളനവും നടത്തി.
ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ. അജിത്ത്, സന്തോഷ് കുട്ടാട്ടുകോണം, സുരേഷ് ഉണ്ണിത്താൻ, ഉളിയനാട് ജയൻ, ചാത്തന്നൂർ രാധാകൃഷ്ണൻ, സുഗതൻ പറമ്പിൽ, റോബിൻ പൂയപ്പള്ളി, ഏറം സന്തോഷ്, ടി. സജീവ്, മുരളീധരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി : സംയുക്ത ട്രേഡ് യൂണിയ െ ന്റ നേതൃത്വത്തിൽ നടന്ന പണിമുടക്ക് കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹന ഗതാഗതം സ്തംഭിച്ചു.
പണിമുടക്കിയ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയ െ ന്റ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ടൗൺ ക്ലബിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം സമാപിച്ചു.
തുടർന്ന് ചേർന്ന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം. എസ്. താര ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ അധ്യക്ഷനായി.
എ. അനിരുദ്ധൻ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരൻ, കെ. പി. വിശ്വ വത്സലൻ, വി. ദിവാകരൻ, ജി. രാജദാസ്, കടത്തൂർ മൻസൂർ, ആർ. രവി, ജഗത് ജീവൻലാലി, കരിമ്പാലിൽ സദാനന്ദൻ, ഷിഹാബ് എസ്.പൈനുംമൂട്, എ. എ. ജബ്ബാർ എന്നിവർ നേതൃത്വം നൽകി.
ഐക്യദാർഢ്യവുമായി പത്രപ്രവർത്തക യൂണിയൻ
കൊല്ലം : പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി കൊല്ലം നഗരത്തിൽ പ്രകടനവും യോഗവും നടത്തി. കൊല്ലം പ്രസ്ക്ലബിനു മുന്നിൽനിന്ന് പ്രകടനമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെത്തി സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിന് അഭിവാദ്യം അർപ്പിച്ചു.
തുടർന്ന് കൊല്ലം പ്രസ് ക്ലബിനു മുന്നിൽ നടന്ന യോഗം സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ .ഡി. പ്രോ, ട്രഷറർ കണ്ണൻ നായർ, കെ എൻ ഇ എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. വിജയൻ, സെക്രട്ടറി ശ്രീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
കൊട്ടാരക്കര
കൊട്ടാരക്കര: ദേശീയ പണിമുടക്കിൽ കൊട്ടാരക്കര പട്ടണം നിശ്ചലമായി. ഇരു ചക്ര വാഹനങ്ങൾ ഒഴികെ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല പോലീസ് അകമ്പടിയോടെ കെ എസ്ആർടിസി സർവീസ് ആരംഭിക്കാൻ ശ്രമം നടന്നെങ്കിലും സമരനുകൂലികൾ തടഞ്ഞു. കട കമ്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടന്നു.
കെഎസ്ആർടിസി ഡിപ്പോയിൽ ബിഎംഎസ് വിഭാഗം തൊഴിലാളികൾ ജോലിക്ക് എത്തിയെങ്കിലും സമരാനുകൂലികൾ അവരെ പിന്തിരിപ്പിച്ചു വിട്ടു. പുലമണിൽ ഫെഡറൽ ബാങ്ക് തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെ തടഞ്ഞുവച്ചു ഗേറ്റ് താഴിട്ട് പൂട്ടി.
പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. സമരനുകൂലികൾ രാവിലെ ടൗണിൽ പ്രകടനം നടത്തി. യു ഡി എഫ് നടത്തിയ പ്രകടനത്തിന്. വി .ഫിലിപ്പ്, പി. ഹരികുമാർ, കണ്ണാട്ടു രവി, ജസീം, കലയപുരം ശിവൻപിള്ള, എം. അമീർ, ജോജോ സൂസമ്മ, പവിജ തുടങ്ങിയവർ നേതൃത്വം നൽകി.
ഇടതുമുന്നണി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന്. നേതാക്കളായ കെ. എസ്. ഇന്ദു ശേഖരൻ നായർ, പി. കെ. ജോൺസൺ, എ. മന്മഥൻ നായർ, സി. മുകേഷ്, രഞ്ജിത്, ഡി. രാമകൃഷ്ണപിള്ള, കെ. എസ്. രാധാകൃഷ്ണൻ, എസ്. ആർ. രമേശ്, മാത്യു സാം, അനിത ഗോപൻ, കൃഷ്ണ പ്രിയ, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
കുളത്തൂപ്പുഴ
കുളത്തൂപ്പുഴ: കിഴക്കൻ മലയോര പ്രദേശങ്ങളായ തെന്മല, കുളത്തൂപ്പുഴ ,ആര്യങ്കാവ് , തുടങ്ങിയ മേഖലകളിൽ ട്രേഡ് യൂണിയ െ ന്റ ആഭിമുഖ്യത്തിൽ വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പണിമുടക്കിൽ പ്ലാന്റേഷൻ മേഖലയുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു.
കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഒരു ബസും സർവീസ് നടത്തിയില്ല. മലയോര ഹൈവേയിൽ വാഹനഗതാഗതം പൂർണമായി തടസപ്പെട്ടു.
തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന സർവീസുകൾ പൂർണമായും മുടങ്ങി. അന്തർ സംസ്ഥാന പാതയിൽ എയർപോർട്ടുകളിൽ പോകുന്ന വാഹനങ്ങൾ അല്ലാതെ മറ്റു വാഹനങ്ങളൊന്നും ഓടിയില്ല.
ചവറ പഞ്ചായത്തിൽ ജോലിക്ക് എത്തിയ ജീവനക്കാരന് മർദനം
ചവറ: ചവറ പഞ്ചായത്തിൽ ജോലിക്ക് എത്തിയ ജീവനക്കാരനെ സമര അനുകൂലികൾ മർദിച്ചു. പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് അനിലിനാണ് മർദനമേറ്റത്. പഞ്ചായത്തിൽ 12 ഓളം ജീവനക്കാർ ജോലിക്കായി എത്തിയിരുന്നു. എന്നാൽ സമര അനുകൂലികൾ എത്തിയതോടെ ഓഫീസ് പിന്നീട് പൂട്ടേണ്ടി വന്നു.
പോലീസ് എത്തി സമരക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. മർദനമേറ്റ ജീവനക്കാര െന്റ മൊഴിയിൽ ചവറ പോലീസ് കേസെടുത്തു. ഓഫീസിലെ ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കിയതായി പറയപ്പെടുന്നു.
ചവറയിൽ സമ്മിശ്ര പ്രതികരണം
ചവറ : പണിമുടക്ക് ചവറയുടെ വിവിധ ഭാഗങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. വിവിധ സ്ഥലങ്ങളിൽ സർക്കാർ ഓഫീസുകൾ പൂട്ടിക്കിടക്കുകയും മറ്റുചില സ്ഥലങ്ങളിൽ സർക്കാർ ഓഫീസുകളിൽ നാമ മാത്രമായ ജീവനക്കാർ എത്തി തുറന്നു പ്രവർത്തിക്കുകയും ചെയ്തു. ചില സ്ഥലങ്ങളിൽ ഓട്ടോറിക്ഷകൾ നാമമാത്രമായി ഓടി. കടകൾ തുറന്നു പ്രവർത്തിച്ചു.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും മറ്റുചിലങ്ങളിൽ തുറന്നു പ്രവർത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ട അധ്യാപകർ എത്തിയിരുന്നു. എന്നാൽ പഠനം നടന്നില്ല. പെട്രോൾ,ഡീസൽ പമ്പുകളും പ്രവർത്തിച്ചു.
ചവറ കെഎംഎംഎൽ കമ്പനിയിൽ ജീവനക്കാർ എത്താത്തതിനാൽ ഓഫീസ് പ്രവർത്തിച്ചില്ല.
രണ്ട് പ്ലാന്റ് പ്രവർത്തിച്ചു. കേന്ദ്ര പൊതു മേഖല സ്ഥാപനമായ ചവറ ഐ ആർ ഇ കമ്പനി സാധാരണ നിലയിൽ പ്രവർത്തിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെയുള്ള പഞ്ചായത്ത് ഓഫീസുകൾ പ്രവർത്തിച്ചില്ല.
ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ നാമമാത്രമായി ജീവനക്കാർ എത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ് പ്രവർത്തിച്ചു. വില്ലേജ് ഓഫീസുകൾ, ട്രഷറി എന്നിവ പൂട്ടിക്കിടന്നു. കോടതികൾ പ്രവർത്തിച്ചു.
ചവറ ബി ആർ സി പ്രവർത്തിച്ചില്ല.
ബാങ്കുകൾ അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഡോക്ടർമാർ എത്തി. പ്രശ്ന സാധ്യത കണക്കിലെടുത്ത് പ്രധാനപ്പെട്ട ഇടങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നു.
പ്രതിഷേധിച്ചു
ചവറ : ചവറ പഞ്ചായത്ത് ഓഫീസിൽ കയറി പഞ്ചായത്തിലെ സിനിയർ ക്ലാർക്ക് അനിൽ കുമാറിനെ 15ഓളം സിഐടിയു പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചു.
അനിൽ കുമാറിനെ കസേര കൊണ്ട് അടിക്കുകയും, ഓഫിസ് ഉപകരണങ്ങൾ നശിപ്പിക്കുകയും ജിവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചവറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ് ആവശ്യപ്പെട്ടു.