വികസന പ്രവര്‍ത്തനങ്ങളുടെ പൂർത്തീകരണം വൈകിപ്പിക്കരുത്: മന്ത്രി കെ.എൻ.ബാലഗോപാല്‍
1574844
Friday, July 11, 2025 6:17 AM IST
കൊല്ലം: വികസനപദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുമ്പോഴാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇക്കാര്യം പറഞ്ഞത്. നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിര്‍ബന്ധമായും ഏകോപനം ഉറപ്പാക്കണം. പദ്ധതിനിര്‍വഹണത്തിനായി വിവിധ വകുപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിച്ചാല്‍ സമയനഷ്ടം ഒഴിവാക്കാനാവും.
ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിയാലുടന്‍ പ്രവര്‍ത്തികള്‍ തുടങ്ങുന്നരീതി ഉറപ്പാക്കണം. വൈകിപ്പിക്കുന്നരീതി പിന്തുടരാന് അനുവദിക്കില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതല അലംഭാവം ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ പാതവികസന ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളുടെ പൂര്‍ത്തീകരണം ഉടനുണ്ടാകണം. കിഫ്ബി ഫണ്ടുവഴിയുള്ളവയ്ക്കും സമാനരീതി പിന്തുടരണമെന്നും ബാലഗോപാല്‍ പറഞ്ഞു.
വിവിധപ്രദേശങ്ങളിലെ തോടുകളുടെനവീകരണം 12.40 കോടിരൂപ നല്‍കിയാണ് നിര്‍വഹിക്കുന്നത്. ശാസ്താംകോട്ടകായലിന് സംരക്ഷണവേലികള്‍ നിര്‍മിക്കുകയാണ്. കടലോരസംരക്ഷണത്തിനും പദ്ധതികളുണ്ട്.
വിനോദസഞ്ചാരമേഖലയില്‍ 59 കോടിരൂപയുടെ വികസനം നടത്തുന്നുണ്ട്. അഷ്ടമുടി, മീന്പിടിപാറ, തെന്മല പദ്ധതിനിര്‍വഹണ ഭാഗമായി മാസ്റ്റര്‍പ്ളാന്‍ തയാറാക്കി വരുന്നു. വിവിധ പാര്‍ക്കുകളുടെ നിര്‍മാണവും ഇതിൽ ഉള്‍പ്പെടും. സര്‍ക്കാര്‍ അതിഥിമന്ദിര നവീകരണവും തുടരുന്നു. തിരുമുല്ലവാരം, കൊല്ലം ബീച്ചുകളുടെ സാധ്യതകളും പ്രയോജനപെടുത്തും.
പൊതുമരാമത്ത് (ദേശീയപാത) വിഭാഗത്തിന്റെ ചുമതലയില്‍ കൊല്ലം - തേനി പാതയുടെ പ്രാരംഭനടപടികളായി. 24 മീറ്ററില്‍ നാലുവരി പാത, നടപ്പാത സഹിതം ഉണ്ടാകും. അലൈന്മെന്റ് അംഗീകരിച്ചു കഴിഞ്ഞു. കടവൂര്‍ ബൈപാസില്‍ നിന്നാകും ഇതിന്റെതുടക്കം. കൊട്ടാരക്കര റസ്റ്റ് ഹൗസും യാഥാര്‍ഥ്യമാക്കും.
കുന്നത്തൂര്‍ സിവില്‍സ്റ്റേഷനിലെ രണ്ടുനിലകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കല്‍ കോടതി, കെപ്കോ ഫാമും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.
ഗ്രാമീണമേഖലയില്‍ 80 ശതമാനത്തോളം കുടിവെള്ളപദ്ധതികള്‍ നടപ്പിലാക്കി. ജല്‍ജീവന്‍ മിഷന്റെ പ്രവൃത്തികള്‍ വേഗത്തിലാണ്. 1200 കോടിരൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജില്ലാ ആശുപത്രിവികസനനിര്മാണപ്രവൃത്തി കെ എസ് ഇ ബി പ്രത്യേക പരിഗണനയോടെ പൂര്‍ത്തിയാക്കണം. അഷ്ടമുടി കായല്‍ ശുചീകരണവും നടത്തുന്നു.
സംരക്ഷണത്തിന് സംയോജിതപ്രവര്ത്തനവും ഏകോപനവും അനിവാര്യമാണ്. കായലിലേക്ക് മാലിന്യനിക്ഷേപം നടത്തുന്നതിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.
മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് യോഗത്തിൽ തുടർന്ന് നിര്‍ദേശം നല്കി. എഡിഎം ജി.നിര്‍മല്‍ കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.