ഗുരുപാദത്തിൽ ഹൃദയത്തെ സമർപ്പിക്കുന്നതാണ് ഗുരുപൂർണിമ: മാതാ അമൃതാനന്ദമയി
1574852
Friday, July 11, 2025 6:17 AM IST
അമൃതപുരി ( കൊല്ലം): ഗുരുവിന്റെ പാദത്തിൽ ശിഷ്യൻ കൃതജ്ഞതാപൂർണമായ ഹൃദയത്തെ സമർപ്പിക്കുന്നതിന്റെ പ്രതീകമാണ് ഗുരുപൂർണിമയെന്ന് മാതാ അമൃതാനന്ദമയി. അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്ന് അമൃതത്വത്തിലേക്കും കൈ പിടിച്ചുനയിക്കുന്ന ഗുരുവിനോടുള്ള ശിഷ്യന് റെകടപ്പാട് ഒരിക്കലും തീരുന്നതല്ലെന്നും അമൃതപുരിയിൽ ഗുരുപൂർണിമ ആഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തവേ മാതാ അമൃതാനന്ദമയി പറഞ്ഞു.
എല്ലാ ജീവജാലങ്ങളിൽ നിന്നും അനേകം പാഠങ്ങൾ പഠിക്കാനുണ്ട്. പങ്കു വെക്കലിന്റെ ആ നല്ല പാഠം പഠിച്ചാൽ തന്നെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. നേടിയവനേ കൊടുക്കാൻ കഴിയൂ.
അറിഞ്ഞവനേ അറിയിക്കാൻ കഴിയൂ അതാണ് ഗുരു ചെയ്യുന്നത്. ഗുരുപൂർണിമ എന്നത് യഥാർഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല. സമർപ്പിതമായ ശിഷ്യമനസിലാണ് ഗുരു പൂർണിമ പ്രകാശിക്കുക. നമ്മുടെ യഥാർഥ ആയുസ് നമ്മൾ എത്ര വർഷം ജീവിച്ചു എന്നതിലൂടെയല്ല, മറിച്ച് ശരിയായ അവബോധത്തോടെയും വിവേകത്തോടെയും നാം ജീവിക്കുന്ന നിമിഷങ്ങളിലൂടെയുമാണ് അളക്കേണ്ടതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
150ഓളം സന്യാസിനി ബ്രഹ്മചാരിണിമാരുടെ കാർമികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയും ഗുരു ഹോമത്തോടെയുമാണ് അമൃതപുരിയിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ അമൃതസ്വരൂപാനന്ദപുരി ഗുരു പാദപൂജ ചെയ്തു.
കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനുമായിരുന്ന ഡോ. കെ. എസ്. രാധാകൃഷ്ണൻ അമൃത ഇന്റർനാഷണൽ സ്കൂൾ ഓഫ് ലോയ്ക്ക് വേണ്ടി തയാറാക്കിയ ഭാരതീയ നിയമ വിജ്ഞാനീയം എന്ന പുസ്തകം മാതാ അമൃതാനന്ദമയി പ്രകാശനം ചെയ്തു.
തുടർന്ന് നൂറുകണക്കിന് സംഗീതജ്ഞരും വാദ്യകലാകാരന്മാരും അണിനിരന്ന നാദോപാസനയും മറ്റു കലാപരിപാടികളും ഉണ്ടായി. ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിനകത്തും നിന്നും പുറത്തു നിന്നുമായി നിരവധി പേരാാണ് അമൃതപുരിയിൽ എത്തിയിരുന്നത്.