പഞ്ചായത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവം; പ്രതിഷേധ സംഗമം നടത്തി
1574861
Friday, July 11, 2025 6:26 AM IST
ചവറ: ചവറ പഞ്ചായത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരൻ അനിൽകുമാറിനെ കൈയേറ്റം ചെയ്യുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരോട് അസഭ്യം പറയുകയും ചെയ്ത അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി.
ചവറ പഞ്ചായത്ത് പടിക്കൽ നടന്ന സമരം ഡിസിസി വൈസ് പ്രസിഡന്റ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരനെ അക്രമിച്ചത് ഏറെ ദൗർഭാഗ്യകരമായി പോയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് സർക്കാർ ജീവനക്കാർ ഏറെ അവഗണനയിലാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാർ പോലും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നില്ല. ഒരു രഹസ്യ ബാലറ്റ് വോട്ടെടുപ്പ് നടത്തിയാൽ ഇന്ന് ഭരിക്കുന്ന പാർട്ടിയുടെ യൂണിയൻകാർ പോലും മുഖ്യമന്ത്രിക്കെതിരെ വോട്ട് ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പല സമരങ്ങളും നടന്നിട്ടുണ്ടെങ്കിലും ചവറ പഞ്ചായത്തിൽ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ആദ്യ സംഭവമാണ്.
കുറ്റക്കാർക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി .അനിൽ ബാബു അധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഉല്ലാസ്,
ചവറ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ജയലക്ഷ്മി, ബിനു കോട്ടാത്തല, സൈജു അലി , എം മനോജ്, എം. ആർ. ദിലീപ്, പൗളിൻ ജോർജ്, ഷമീർ , പ്രദീപ് ഫെർണാണ്ടസ് ,ഗിരീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.