മന്ത്രി വാക്കുപാലിച്ചില്ല : സ്കൂള്‍ പാചക തൊഴിലാളികളുടെ വേതനം വൈകുന്നു
1574845
Friday, July 11, 2025 6:17 AM IST
കൊല്ലം: തൊഴിലാളി പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഏപ്രില്‍ 29ന് നടത്തിയ ചര്‍ച്ചയില്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെന്ന് സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ്-ഐഎന്‍ടിയുസി,സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഹബീബ്സേട്ട്.
എല്ലാ മാസവും അഞ്ചിന് മുന്‍പ് സ്കൂള്‍ പാചക തൊഴിലാളികളുടെ ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും10 കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് യാതൊരു അറിവും കിട്ടുന്നില്ല. വിദ്യാഭ്യാസ അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ ഫണ്ട് വന്നിട്ടില്ലെന്നാണ് പറയുന്നത്.
തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുന്നത് സംബന്ധിച്ചും വേതനവര്‍ധനവ്, വിരമിക്കല്‍ ആനുകൂല്യം, മിനിമം വേതനം തുടങ്ങിയ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജൂണിൽ തൊഴിലാളി പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന മന്ത്രിയുടെ ഉറപ്പും പാലിച്ചില്ല.
രണ്ട് തൊഴിലാളികള്‍ ജോലിചെയ്തിരുന്ന സ്കൂളുകളില്‍ കുട്ടികളുടെ കുറവ്മൂലം ഒരു തൊഴിലാളിയ്ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഹബീബ് സേട്ട് പറഞ്ഞു.