തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതി
1575127
Saturday, July 12, 2025 6:23 AM IST
തെന്മല : മലയോര മേഖലയിലെ ആതുര സേവന കേന്ദ്രമായ തെന്മല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതി.
സര്‍ക്കാരും എച്ച്എംസിയും പഞ്ചായത്തും നിയമിച്ചിട്ടുള്ള മൂന്നു ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ആശുപത്രിയിലുള്ളത്. വൈകുന്നേരം ആറുവരെ ആശുപത്രിയുടെ പ്രവര്‍ത്തനം വേണമെന്നിരിക്കെ ഉച്ചയ്ക്ക് 12 നു ശേഷം മിക്കപ്പോഴും ഇവിടെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാറില്ലെന്നാണ് പരാതി ഉയരുന്നത്. ഇതുമൂലം തോട്ടം മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ ബുദ്ധിമുട്ടിലാണ്.
ദേശീയപാത കടന്നു പോകുന്ന തെന്മലക്കും ആര്യങ്കാവിനുമിടയില്‍ മിക്കപ്പോഴും അപകടങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ പോലും ആശുപത്രിയില്‍ ആരുമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും കിലോമീറ്ററുകള്‍ താണ്ടി പുനലൂരിലോ കുളത്തുപ്പുഴയിലോ എത്തേണ്ട ഗതികേടിലാണ് തൊഴിലാളികളും നാട്ടുകാരും.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ആശുപത്രി പ്രവര്‍ത്തനം ഇത്രയധികം മോശപ്പെടാന്‍ കാരണമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ ബിന്‍സ് ആരോപിച്ചു. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.