ചവറയിലെ വീട്ടില്‍ മോഷണം നടത്തിയ യുവതിയുമായി തെളിവെടുപ്പ് നടത്തി
1575126
Saturday, July 12, 2025 6:23 AM IST
അഞ്ചല്‍ : ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷന് പരിധിയില്‍ വീട്ടില്‍ മോഷണം നടത്തി സ്വര്‍ണവും വിദേശ പണവും കൈക്കലാക്കിയ യുവതിയെ ഏരൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഏരൂര്‍ വിളക്കുപാറ സ്വദേശി ഷാജി മന്‍സിലിൽ സബീനയെയാണ് ഏരൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെക്കുംഭാഗം മറവിലയത്ത് വീട്ടില്‍ അനസിന്റെ വീട്ടിൽ നിന്നുമാണ് സബീന സ്വര്‍ണയും റിയാലും മോഷണം നടത്തിയത്. ഇവിടെ വീട്ടുജോലിക്ക് നിന്ന സബീന മോഷ്ടിച്ച സ്വര്‍ണം ഏരൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിച്ച് പണയം വച്ചിരുന്നു. ഈ സ്വര്‍ണം കണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്.
വീട്ടുടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് വീട്ടില്‍ ജോലിക്കായി എത്തിയ സബീനയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ സബീനയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മുമ്പ് വിതുര, പൂയപ്പള്ളി സ്റ്റേഷനുകളില്‍ സബീനയ്ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.