പത്തടിയിലെ വ്യാപാര സ്ഥാപനങ്ങളിലെ മോഷണം : അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
1575306
Sunday, July 13, 2025 6:49 AM IST
അഞ്ചല്‍ : ഏരൂര്‍ പത്തടിയില്‍ പ്രവര്‍ത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ച സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്. പച്ചക്കറി, പലചരക്ക്, വളം, മീന്‍ വില്‍പ്പന കേന്ദ്രം ഉള്‍പ്പെടെ നാലിടങ്ങളില്‍ നടന്ന കവര്ച്ചയിലായി രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പത്തടി സ്വദേശിയായ മിഗ്ദാദിന്റെ പച്ചക്കറി കടയുടെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശക്കുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 55,000 രൂപയും വൈദ്യുതി ബില്ലും വാടകയും കൊടുക്കാന്‍ മറ്റൊരിടത്ത് സൂക്ഷിരുന്ന മൂവായിരം രൂപയും ഉള്‍പ്പെടെയുള്ളവ കവര്‍ച്ച ചെയ്യുകയായിരുന്നു.
ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസം ലോണ്‍ എടുത്ത തുകയായിരുന്നു കടയില്‍ സൂക്ഷിച്ചിരുന്നതെന്ന് കടയുടമ മിഗ്ദാദ് പറഞ്ഞു. മേശകളുടെ പൂട്ട് കുത്തിപ്പൊളിച്ചായിരുന്നു മോഷണം. ഇവിടെ നിന്നും ഏതാനും മീറ്റര്‍ മാത്രം ദൂരത്തുള്ള ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നൗഷാദിന്റെ വളം വില്പനശാലയിലും, നസീറിന്റെ പലചരക്ക് കടയിലും ഒപ്പം മോഷണം നടന്നിട്ടുണ്ട്. പലചരക്ക് കടയില്‍ നിന്നും മൂന്നുപെട്ടി വെളിച്ചെണ്ണ, രണ്ടു പെട്ടി സണ്‍ഫ്ലവര്‍, ഒരു പെട്ടി പാംഓയില്‍, ബേക്കറി സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവ മോഷ്ടിതച്ചു.
വളം കടയില്‍ നിന്നും പതിനായിരത്തോളം രൂപയും എതിര് ദിശയിലേ മീന്‍ കടയില്‍ നിന്നും 600 രൂപയും ത്രാസും മോഷണം പോയിട്ടുണ്ട്. പച്ചക്കറി കടയില്‍ നിന്നും പൂട്ടുപൊളിക്കാന്‍ ഉപയോഗിച്ച ചുറ്റിക, മോഷ്ടാവിന്റെ എന്നു കരുത്തുന്ന കൈലി, കുട എന്നിവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടകളില്‍ നിന്നും നശിപ്പിച്ച പൂട്ടുകള്‍ പാതയോരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
കടയുടമകളുടെ പരാതിയില്‍ സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് മോഷണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.