പഠിപ്പുമുടക്കുകൾ പ്രതികൂലമായി ബാധിക്കുന്നു: സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോ.
1575299
Sunday, July 13, 2025 6:37 AM IST
കൊല്ലം: നിരന്തരമുള്ള പഠിപ്പു മുടക്കും വിദ്യാഭ്യാസ ബന്ദും വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.
ജൂൺ മുതലാണ് സിബിഎസ്ഇ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ അടുത്ത ദിവസം മുതൽ തന്നെ വിദ്യാർഥി സമരങ്ങളുടെ വേലിയേറ്റം ആരംഭിച്ചതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ പ്രക്രിയയുമായി പുലബന്ധം പോലും ഇല്ലാത്ത വിഷയങ്ങൾക്ക് വരെ വിവിധ സംഘടനകൾ മാറി മാറി പഠിപ്പു മുടക്ക് നടത്തി ആഘോഷിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇതാണ് സ്ഥിതി.
ഹൈക്കോടതി നിർദേശങ്ങൾ പോലും കാറ്റിൽ പറത്തിയാണ് പഠിപ്പ് മുടക്ക് സമരത്തിന് ഇവർ ആഹ്വാനം ചെയ്യുന്നത്.ഒരാളോ ഒരു ചെറിയ ഗ്രൂപ്പോ വിചാരിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്.ഇതുകാരണം പാഠഭാഗങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ അധ്യാപകർക്ക് കഴിയുന്നില്ല. രക്ഷിതാക്കളും ഇതുമൂലം ആശങ്കയിലാണ്.
കൊല്ലം ജില്ലയിൽ മാത്രം 120 ൽ അധികം സിബിഎസ്ഇ - ഐസിഎസ്ഇ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തും സമരങ്ങൾ കാരണം നിരവധി അധ്യയന ദിവസങ്ങൾ ഇതിനകം നഷ്ടപ്പെട്ട് കഴിഞ്ഞു. ഇത് വാർഷിക പരീക്ഷാ തയാറെടുപ്പിനെ പ്രതികൂലമായി ബാധിച്ച് കഴിഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ സിബിഎസ്ഇ സ്കൂളുകളിൽ ഇത്തരം സമരങ്ങൾ വിരളമാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വികസിത രാജ്യങ്ങളിലൊന്നും ഇത്തരം സമരമുറകൾ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. ഒരു കൊടിയും നാല് നേതാക്കളും ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും പഠിപ്പു മുടക്കാം എന്ന ദുസ്ഥിതിക്ക് അടിയന്തിര പരിഹാരം ഉണ്ടായേ മതിയാവൂ.ജില്ലാ കളക്ടർ അടക്കമുള്ളവർ ഈ വിഷയത്തിൽ ഇടപ്പെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഐസിഎസ്ഇ സ്കൂൾ മാനേജ്മെ ന്റ് അസോസിയേഷൻ പ്രസിഡന്റ് ഫാ. സിൽവി ആന്റണി, സിബിഎസ്ഇ സ്കൂൾ മാനേജ്മെ ന്റ് അസോസിയേഷൻ പ്രതിനിധികളായ കെ. അമൃത് ലാൽ, ഡോ കെ.കെ. ഷാജഹാൻ, പ്രഫ. ശശികുമാർ എന്നിവർ പങ്കെടുത്തു.