സ്കൂട്ടർ യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചു
1575680
Monday, July 14, 2025 6:34 AM IST
കുളത്തൂപ്പുഴ : മലയോര ഹൈവേയിൽ സ്കൂട്ടർ യാത്രക്കാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന കല്ലുവെട്ടാൻകുഴി അശ്വതി ഭവനിൽ ജ്യോതിഷ് ബാബുവിനാണ് പരിക്ക്.
തിങ്കൾക്കരിക്കം പ്രദേശത്ത് വെച്ച് റോഡ് മുറിച്ച് കടന്നുവന്ന കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് ഇടിച്ചതിനെ തുടർന്ന് ജ്യോതിഷ്ബാബു സ്കൂട്ടറിൽനിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കൈയ്ക്കും തലയ്ക്കും ഗുരുതരമായ പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു .
ഇതുവഴി കടന്നുവന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേർന്ന് റോഡിൽ വീണു കിടന്ന ജ്യോതിഷ് ബാബുവിനെ അഞ്ചൽ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു. അവിടത്തെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഈ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യമേറിയിരിക്കുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൈക്കൊള്ളുന്നില്ല .ആറു മാസം മുമ്പ് കടമാൻകോട് പ്രദേശത്ത് നിന്നും കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ജോലിക്ക് വരികയായിരുന്ന കണ്ടക്ടർക്കും കാട്ടുപന്നി ആക്രമണം മൂലം ഗുരുതരമായി പരിക്കേറ്റിരുന്നു.
മലയോര ഹൈവേയിൽ രാത്രികാലങ്ങളിൽ ടൂവീലറിൽ യാത്ര ചെയ്യുന്നവർ വന്യജീവികൾ മുഖാന്തരം വൻ അപകടങ്ങളിലാണ് ചെന്ന് പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.