നെടുങ്ങോലം രാമറാവു ഗവ. ആശുപത്രിയിൽ വെറുതെയൊരു ഐസലേഷൻ വാർഡ്
1575887
Tuesday, July 15, 2025 3:24 AM IST
പരവൂർ : നെടുങ്ങോലം രാമറാവു ഗവ. ആശുപത്രിയിൽ ഒന്നേ മുക്കാൽ കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ഐസലേഷൻ വാർഡ് അടഞ്ഞു തന്നെ കിടക്കുന്നു.കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ ആരോഗ്യ വകുപ്പ് ഐസലേഷൻ വാർഡ് പണിഞ്ഞത്.
കോവിഡ് ഉൾപ്പെടെ സാംക്രമിക രോഗങ്ങൾ പടർന്നു പിടിച്ചാൽ രോഗികളെ കിടത്തി ചികിത്സിക്കാൻ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും എം എൽഎമാർ നിർദേശിക്കുന്ന ഓരോ സർക്കാർ ആശുപത്രികളിൽ 10 കിടക്കകളുള്ള ഐസലേഷൻ വാർഡ് പണി കഴിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നെടുങ്ങോലം ആശുപത്രിയിലും ഐസലേഷൻ വാർഡ് നിർമിച്ചത്.
ഇപ്പോഴത്തെ സർക്കാരിന്റെ തുടക്കത്തിലായിരുന്നു ഇത്. 1.76 കോടി രൂപയായിരുന്നു ചെലവ്.
ഇതു തുല്യമായി കിഫ്ബി ഫണ്ടിൽ നിന്നും എംഎൽഎ ഫണ്ടിൽ നിന്നും കണ്ടെത്താനായിരുന്നു തീരുമാനം.
പദ്ധതി നിർവഹണത്തിനു സ്പെഷൽ പർപ്പസ് വെഹിക്കിളായി തെരഞ്ഞെടുത്ത കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഐസലേഷൻ വാർഡുകൾ നിർമിക്കാൻ തൃശൂർ ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയത്.
10 കിടക്കകളുള്ള ഐസലേഷൻ വാർഡിൽ ഡോക്ടറുടെ മുറി, നഴ്സിംഗ് സ്റ്റേഷൻ, ചികിത്സാമുറി, ശുചിമുറികൾ, മെഡിക്കൽ ഗ്യാസ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. സിവിൽ- ഇലക്ട്രിക്കൽ ജോലികൾക്കും ഉപകരണങ്ങൾക്കും ഉൾപ്പെടെ ആകെ 1,75,96,748 യാണ് നീക്കിവച്ചത്.