ദേശീയപാതയിലെ അപാകത: വികസന സമിതിയുടെ ധർണ ജനകീയ പ്രതിഷേധമായി
1576185
Wednesday, July 16, 2025 6:37 AM IST
ചാത്തന്നൂർ :വികസന സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ തിരുമുക്കിൽ നടത്തിയ ധർണ ശക്തമായ ജനകീയ പ്രതിഷേധമായി മാറി. തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ പുനർനിർമ്മിക്കുക, പരവൂർ, കൊട്ടിയം ഭാഗങ്ങളിൽ നിന്ന് എത്തുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചാത്തന്നൂർ വികസന സമിതി തിരുമുക്കിൽ ജനകീയ ധർണ സംഘടിപ്പിച്ചത്.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും, യുവജന വിദ്യാർഥി, മഹിളാ പ്രസ്ഥാനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ജനകീയ ധർണ നടന്നത്.
ചാത്തന്നൂരിലെ വ്യാപാര സ്ഥാപനങ്ങൾ ഉച്ചക്ക് ശേഷം അടച്ചിട്ട് വ്യാപാരി വ്യവസായികൾ ചാത്തന്നൂരിൽ നിന്നും പ്രകടനമായെത്തി ധർണയിൽ പങ്കാളികളായി. വിവിധ ട്രേഡ് യൂണിയൻ സംഘടനകളും പ്രകടനമായെത്തി ധർണയിൽ പങ്കെടുത്തു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ധർണ ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സേതുമാധവൻ, ഏരിയാ സെക്രട്ടറി പി.വി.സത്യൻ,സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ആർ, ദിലീപ് കുമാർ, ബിജെപി സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്ത്കുമാർ, കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ, ആർഎസ്പി ജില്ലാ കമ്മിറ്റിയംഗം പ്ലാക്കാട് ടിങ്കു, ചാത്തന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ദിജു, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി രാജൻ കുറുപ്പ്, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് ജയചന്ദ്രൻ, ജോൺ ഏബ്രഹാം, ബി.ജെപി ചാത്തന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാംരാജ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മലാ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ,സമരസമിതി കൺവീനർ കെ.കെ.നിസാർ, വികസന സമിതി കൺവീനർ ജി.പി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
റോട്ടറിക്ലബ്, വൈഎംസിഎ, ചാത്തന്നൂർ ആർട്ട്, ഇപ്ട, പ്രവാസി സംഘം, പ്രവാസി ഫെഡറേഷൻ, ഗുരുധർമ്മ പ്രചാരണ സഭ തുടങ്ങി നിരവധി സംഘടനകൾ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ടായിരുന്നു.