പൊതുപണിമുടക്ക് പൂർണം; ജനം വലഞ്ഞു
1574411
Wednesday, July 9, 2025 11:59 PM IST
തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഹർത്താലായി. ഇടുക്കി ജില്ല സ്തംഭിച്ചു. തൊടുപുഴ, കട്ടപ്പന, ഇടുക്കി, മൂന്നാർ, കുമളി, പീരുമേട്, അടിമാലി അടക്കം പ്രധാന ടൗണുകളിലടക്കം കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. ചില സർക്കാർ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു. പലയിടത്തും ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. പെട്രോൾ പന്പുകളും അടപ്പിച്ചതോടെ ജനങ്ങൾ ഏറെ വലഞ്ഞു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ചുരുക്കം സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.
വിവിധ ഡിപ്പോകളിൽനിന്ന് കെഎസ്ആർടിസി അവശ്യ സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. തൊടുപുഴ ഡിപ്പോയിൽനിന്ന് രാവിലെ വൈക്കം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട റൂട്ടുകളിൽ നാലു ഷെഡ്യൂളുകളാണ് സർവീസ് നടത്തിയത്. കട്ടപ്പന ഡിപ്പോയിൽനിന്ന് 12 സർവീസുകളും നടത്തി.
നെടുങ്കണ്ടം അടക്കമുളള വിവിധ പ്രദേശങ്ങളിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസുകളും തടഞ്ഞു. ഇത് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയതിനെത്തുടർന്ന് സമരക്കാരുമായി വാക്കേറ്റമുണ്ടായി. കട്ടപ്പന ഉൾപ്പെടെ ചില ഇടങ്ങളിൽ സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ഇതോടൊപ്പം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ജോലിക്കെത്തിയവരെ തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും പരാതിയുയർന്നു.
കട്ടപ്പന: അഖിലേന്ത്യ പണിമുടക്ക് ഹൈറേഞ്ചിൽ ഭാഗിക ബന്താ യി. വ്യാപാരസ്ഥാപനങ്ങൾ ഒന്നും പ്രവർത്തിച്ചില്ല. നെടുങ്കണ്ടം, കട്ടപ്പന ഡിപ്പോകളിൽ ഏതാനും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. മൂന്നാർ - തേക്കടി സംസ്ഥാന പാതയിൽ ടൂറിസ്റ്റു വാഹനങ്ങൾ ഓടി. ചില സ്ഥലങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങൾ നിരത്തിൽ ഏതാനും സമയം തടഞ്ഞിട്ടു.
കട്ടപ്പനയിൽ രാവിലെ സർവീസ് നടത്തിയ കെഎസ് ആർടിസി ബസ് സമരാനുകൂലികൾ തടഞ്ഞു. സർക്കാർ, അർധസർക്കാർ ഓഫീസുകൾ തുറന്നെങ്കിലും സമരാനുകൂലികൾ അടപ്പിച്ചു. ചുരുക്കം സ്വകാര്യ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും അത്യാവശ്യ സർവീസ് വാഹനങ്ങളും ഓടി.
പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളും കട്ടപ്പനയുടെ വിവിധ മേഖലകളിൽ ഒരുക്കിയിരുന്നു. കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമ്മേളിച്ച് കട്ടപ്പന ടൗണ് ചുറ്റി പ്രകടനം നടത്തി. ഇതിനിടെ എത്തിയ കെ എസ്ആർടിസി ബസാണ്തടഞ്ഞത്.
ഇത് ചെറിയതോതിലുള്ള വാക്കു തർക്കത്തിനും ഇടയാക്കി. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കട്ടപ്പന ഇടുക്കി കവലയിലെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും യോഗം നടന്നു. സിപിഐ ജില്ലാ സെക്രട്ടറി സലിംകുമാർ,സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. ആർ. സജി, ഏരിയ കമ്മിറ്റി സെക്രട്ടറി മാത്യു ജോർജ് തുടങ്ങിയവർ പ്രസംഹിച്ചു.
കട്ടപ്പന ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഓഫീസിൽ സമരാനുകൂലികൾ എത്തി അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയാറാകാതെ വന്നതോടെ ചെറിയതോതിലുള്ള വാക്കുതർക്കം ഉണ്ടായി. സമരാനുകൂലികൾ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറുന്ന സാഹചര്യമുണ്ടായി.തുടർന്ന് പോലീസും നേതാക്കളും നടത്തിയ ചർച്ചയ്ക്കൊടുവിൽ സമരാനുകൂലികൾ ഓഫീസ് അടപ്പിച്ച് പിരിഞ്ഞുപോയി.
കട്ടപ്പനയുടെ ഗ്രാമീണ മേഖലകളിലും പണിമുടക്ക് പൂർണമായിരുന്നു. തോട്ട മേഖലയിലും തൊഴിലാളികൾ പണിക്ക് ഇറങ്ങിയില്ല.കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് 12 ബസുകൾ സർവീസ് നടത്തിയെന്ന് ഡിപ്പോ അധികൃതർ വ്യക്തമാക്കി.