ലഹരിക്കെതിരേ കൈയൊപ്പ് ചാർത്തിയും സൂംബ നൃത്തംചെയ്തും വിദ്യാർഥികൾ
1574412
Wednesday, July 9, 2025 11:59 PM IST
കരിങ്കുന്നം: ലഹരി വിപത്തിനെതിരേ സന്ദേശം നൽകി കൈയൊപ്പ് ചാർത്തിയും സൂംബ നൃത്തം കളിച്ചും കരിങ്കുന്നം സെന്റ് അഗസ്റ്റിൻസിലെ വിദ്യാർഥികൾ. പിന്തുണയുമായി പി.ജെ. ജോസഫ് എംഎൽഎയും എത്തിയതോടെ കുട്ടികൾക്കും ആവേശമായി. പഞ്ചായത്തംഗങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരും സൂംബനൃത്തത്തിൽ അണിചേർന്നു.
സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎ നിർവഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒപ്പുരേഖപ്പെടുത്തിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ലഹരിവസ്തുക്കൾ സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ച് ചെറുപ്രായത്തിൽ തന്നെ ബോധവാന്മാരാകേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്നും ഇതിനായി വിദ്യാർഥികളും അധ്യാപകരും ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
84 കുട്ടികൾ ചേർന്ന് മെഗാ സൂംബ നൃത്തം ചെയ്ത് 84-ാം ജന്മദിന ആശംസകൾ നേരുകയും സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആന്റ് ഗൈഡ്, ജൂണിയർ റെഡ്ക്രോസ് എന്നിവർ ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി പി.ജെ.ജോസഫിനെ ആദരിക്കുകയും ചെയ്തു.
കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഒ.എ.ഏബ്രഹാം, പ്രധാന അധ്യാപിക സിസ്റ്റർ നമിത, പഞ്ചായത്തംഗം സ്വപ്ന ജോയൽ, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു. കരിങ്കുന്നം എസ് ഐ കെ.ജെ.ജോബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമ്മേളനത്തെ തുടർന്ന് ലഹരി വിരുദ്ധ റാലിയും ഫ്ളാഷ് മോബും നടത്തി. എസ്പിസി, സ്കൗട്ട് ആന്റ് ഗൈഡ്, ജെആർസി കേഡറ്റുകൾ എന്നിവർ ചേർന്ന് കരിങ്കുന്നം കവലയിൽ ഫ്ളാഷ് മോബ്, കൈയൊപ്പ് ശേഖരണം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ ലഹരിക്കെതിരേ കരിങ്കുന്നം ടൗണിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് രമിത പീറ്റർ, സ്റ്റാഫ് സെക്രട്ടറി അനീഷ് ഫിലിപ്പ്, അധ്യാപിക മെറിൻ ജോസഫ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.