ടൈഗർ ഒൗട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതി അംഗീകരിക്കില്ല: ഡീൻ കുര്യാക്കോസ് എംപി
1574422
Wednesday, July 9, 2025 11:59 PM IST
തൊടുപുഴ: പുതിയ കടുവാ സങ്കേതം ഇടുക്കിയിൽ ആരംഭിക്കുന്നതിനുളള ശിപാർശ അംഗീകരിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി. ടൈഗർ ഒൗട്ട്സൈഡ് ടൈഗർ റിസർവ് എന്ന പേരിൽ ശിപാർശ ചെയ്തിട്ടുള്ള പദ്ധതി സദുദ്ദേശ്യത്തോടെയല്ലെന്ന് വ്യക്തമാണ്.
നാട്ടിലിറങ്ങുന്ന കടുവയെയും പുലിയെയും വെടിവച്ചു കൊല്ലുകയാണ് വേണ്ടത്. ഇതിനുള്ള നിയമം നിലവിലുണ്ട്. ഈ നിയമം ഉപയോഗിച്ചാണ് പീരുമേട്ടിൽ ഉദ്യോഗസ്ഥർ കടുവയെ കൊന്നത്. കടുവയെ പിടിച്ചുകെട്ടി ഉൾക്കാട്ടിൽ തള്ളാനോ അല്ലെങ്കിൽ കൊല്ലാനോ നിയമമുള്ളപ്പോൾ, കടുവയെ സംരക്ഷിക്കാനെന്ന പേരിൽ പുതിയ കേന്ദ്രം തുടങ്ങുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ്.
നിലവിലുള്ള പെരിയാർ ടൈഗർ റിസർവിന്റെ അതിർത്തിയും ബഫർ സോണ്‍ പ്രഖ്യാപനവും ജനദ്രോഹ നടപടിതന്നെയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനും ജനവാസ കേന്ദ്രങ്ങൾ വനമായി പ്രഖ്യാപിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ പുതിയ ടൈഗർ റിസർവ് പദ്ധതി അംഗീകരിക്കരുതെന്ന് വനം- പരിസ്ഥിതി മന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെടുമെന്നും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും എംപി പറഞ്ഞു.