കാട്ടാനക്കലിപ്പിൽ ഗ്രാമങ്ങൾ, സഹികെട്ട് ജനങ്ങൾ
1574667
Thursday, July 10, 2025 11:17 PM IST
തൊടുപുഴ: വനാതിർത്തി മേഖലകളിലെ ജനാവാസ പ്രദേശങ്ങളിൽ കാട്ടാനകൾ എത്താറുണ്ടെങ്കിലും ഉൾനാടൻ പ്രദേശങ്ങളിൽ ഇവ ഇറങ്ങിത്തുടങ്ങിയതോടെ ജനങ്ങൾ ആശങ്കയുടെ മുൾമുനയിൽ. കഴിഞ്ഞ ദിവസം കടവൂർ, പയ്യാവ് പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി കൃഷിദേഹണ്ഡങ്ങൾ നശിപ്പിച്ചതോടെ പ്രദേശവാസികൾക്ക് ഉറക്കംപോലും നഷ്ടമായിരിക്കുകയാണ്.
നേരം ഇരുട്ടിയാൽ വീടിനു പുറത്തിറങ്ങാൻപോലും ഇവിടെയുള്ളവർക്ക് ഭയമാണ്. എപ്പോഴാണ് കാട്ടാനകൾ കണ്മുന്നിൽ പ്രത്യക്ഷപ്പെടുകയെന്നാണ് ഇവരുടെ ആശങ്ക. മുള്ളരിങ്ങാട് മേഖലയിൽ കാട്ടാനശല്യം തുടങ്ങിയിട്ട് നാളുകളേറെയായി.
ഇവിടെ കാട്ടാനയാക്രമണത്തിൽ നേരത്തേ യുവാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ വനാതിർത്തി മേഖലകളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി വനംവകുപ്പ് രംഗത്തെത്തുകയും ചെയ്തു. പി.ജെ. ജോസഫ് എംഎൽഎ അനുവദിച്ച ഫണ്ടുപയോഗിച്ച് ഒന്നരക്കിലോമീറ്റർ ദൂരവും ഡീൻ കുര്യാക്കോസ് എംപി അനുവദിച്ച ഫണ്ടുപയോഗിച്ച് ഒരു കിലോമീറ്റർ ദൂരവും ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് കോതമംഗലം ഡിഎഫ്ഒ സന്തോഷ്കുമാർ പറഞ്ഞു.
എന്നാൽ, കൂടുതൽ ഭാഗത്ത് ഫെൻസിംഗ് സ്ഥാപിക്കേണ്ടതുണ്ടെന്നും ഇതിനായി സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടാനകൾ വനാതിർത്തിയിൽനിന്നു ജനവാസ മേഖലയിൽ എത്തുന്നത് തടയാനായി ആർആർടി സംഘത്തിലെ രണ്ടുപേരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ആനയുടെ സഞ്ചാരം സദാസമയവും നിരീക്ഷിക്കുന്നുണ്ടെങ്കിലും കടവൂരിലും പയ്യാവിലും നിരീക്ഷണം പാളി.
മുള്ളരിങ്ങാട് വനമേഖലയിൽ 15-ഓളം കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇതിൽ രണ്ടു കൊന്പന്മാരാണ് കഴിഞ്ഞ ദിവസം കടവൂർ, പയ്യാവ് മേഖലകളിലെ ജനവാസ പ്രദേശങ്ങളിൽ എത്തിയത്. പിന്നീട് നാട്ടുകാരും വനംവകുപ്പധികൃതരും ചേർന്ന് വിരട്ടിയോടിച്ച് പുഴ കടത്തി കാടുകയറ്റുകയായിരുന്നു.
ആഹാരം തേടിയാണ് ഇവ പുഴ കടന്ന് പൈനാപ്പിൾ തോട്ടത്തിൽ എത്തിയതെന്നാണ് കരുതുന്നത്. ഒരു ഗ്രാമത്തെ മുഴുവൻ മുൾമുനയിലാക്കിയ കാട്ടാനശല്യത്തിൽനിന്ന് ഇവിടത്തുകാരെ രക്ഷിക്കാൻ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.