സഫലമീ യാത്ര 37 സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം ഇന്ന്
1574672
Thursday, July 10, 2025 11:17 PM IST
ഇടുക്കി: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സഫലമീ യാത്ര പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രണ്ടിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ അധ്യക്ഷത വഹിക്കും. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് സഫലമീ യാത്ര പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടു കൂടിയ സ്കൂട്ടർ പദ്ധതിയിലൂടെ ലഭ്യമാക്കും.പഞ്ചായത്തുകളിൽനിന്ന് ലഭിച്ച ഗുണഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തിൽ 37 പേർക്കാണ് സ്കൂട്ടർ വിതരണം ചെയ്യുന്നത്. ഗ്രാമസഭവഴി ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അതിൽനിന്നും തെരഞ്ഞെടുത്തവർക്കാണ് സ്കൂട്ടർ നൽകുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തീകരിച്ച് എല്ലാ രേഖകളും ഉൾപ്പെടെയാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. ഇവർക്ക് ടാക്സിലും കുറവ് വരുത്തിയിട്ടുണ്ട്. 42 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു വാഹനത്തിന് 1,13,500 രൂപയാണ് വിനിയോഗിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, സ്ഥിരംസമിതി ചെയർപേഴ്സണ്‍മാരായ കെ.ജി. സത്യൻ, എം. ഭവ്യ, ആശ ആന്റണി, കെ.ടി. ബിനു, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.