ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിൽ
1574415
Wednesday, July 9, 2025 11:59 PM IST
മൂലമറ്റം: അറക്കുളം പഞ്ചായത്തിന്റെ മൂലമറ്റം ടൗണിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിൽ. വൻ ദുരന്തസാധ്യതയുണ്ടായിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുന്നതായി നാട്ടുകാർ പറയുന്നു. 1982ൽ നിർമ്മാണം ആരംഭിച്ച് 84ലാണ് ഇത് ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ വ്യാപാരസ്ഥാപനങ്ങളും ഒന്നാം നിലയിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസും മുകളിലത്തെ നിലയിൽ ഫാഷൻ ഡിസൈനിംഗും പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ മെഡിക്കൽ യൂണിറ്റുമാണ് പ്രവർത്തിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ പൊതുജനങ്ങൾക്കുള്ള വെയ്റ്റിംഗ് ഷെഡുമുണ്ട്.
കെട്ടിടത്തിന്റെ കോണ്ക്രീറ്റ് നിരവധിത്തവണ പൊളിഞ്ഞു വീണിരുന്നു. കോണ്ക്രീറ്റ് പൊളിഞ്ഞതിനെത്തുടർന്ന് കന്പി തെളിഞ്ഞ നിലയിലാണ്. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗത്തും ബലക്ഷയവുമുണ്ട്. ഇതിനു പുറമേ സ്വകാര്യ ബസ്സ്റ്റാൻഡിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾ ഈ കെട്ടിടത്തിനടിയിലാണ് പാർക്ക് ചെയ്യുന്നത്. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നു.
കെട്ടിടം തകർന്നാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഇതുവഴി സഞ്ചരിക്കുന്നവർക്കും അപകടമുണ്ടാകുമെന്നുറപ്പാണ്. ഇക്കാര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.