മുട്ടം ടൗണിൽ തെരുവുനായശല്യം
1574413
Wednesday, July 9, 2025 11:59 PM IST
മുട്ടം: തെരുവുനായ ശല്യത്താൽ പൊറുതിമുട്ടി മുട്ടത്തെ ജനങ്ങൾ. കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ് അലഞ്ഞു തിരിയുന്ന നായകൾ. മുട്ടം ടൗണിലും ഉൾമേഖലകളിലുമായി നൂറുകണക്കിനു നായകളാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. തിരക്കുള്ള ടൗണിലൂടെ നായ്ക്കൾ അലഞ്ഞു നടക്കുന്നത് സ്കൂൾ കൂട്ടികളെ ഉൾപ്പെടെ ഭീതിയിലാക്കുന്നു.
നായ്ക്കൾ റോഡിലേക്ക് ചാടിവീഴുന്നത് വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്. മുട്ടം ടൗണ്‍, ടാക്സി സ്റ്റാൻഡ്, പഞ്ചായത്തിനു മുൻവശം, പഴയമറ്റം, തുടങ്ങനാട്, കോടതിക്കവല. മുട്ടം -ശങ്കരപ്പിള്ളി റോഡ് എന്നിവിടങ്ങളിലാണ് നായശല്യം രൂക്ഷമായിരിക്കുന്നത്.
വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ് നിർബന്ധമാണെങ്കിലും പലരും ഇതുവരെ ലൈസൻസ് എടുത്തിട്ടില്ല. വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തിയെങ്കിലും നായകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. റോഡുവക്കിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ കിടക്കുന്നതിനാൽ നായകൾക്ക് ആവശ്യത്തിലധികം ഭക്ഷണമാണ് ലഭിക്കുന്നത്. ആയതിനാൽ നായകൾ ഇവിടം വിട്ട് പോകുന്നില്ല. ഇത്തരം നായ്ക്കൾ പലപ്പോഴും അപകടകാരികളാവുകയും കുട്ടികളെ ഉൾപ്പെടെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്യാറുണ്ട്.
നായ്ക്കളെ നിയന്ത്രണവിധേയമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പല മേഖലകളിൽനിന്നും ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി.