ചിന്നാർ വന്യജീവി സങ്കേതത്തിൽ വനമഹോത്സവം ആഘോഷിച്ചു
1574666
Thursday, July 10, 2025 11:17 PM IST
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വനമഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കരിമുട്ടി മുതൽ ചിന്നാർവരെയുള്ള എസ്എച്ച് 17-ന്റെ ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുകയും വനസന്പുഷ്ടീകരണത്തിന്റെ ഭാഗമായി വിത്തുകൾ വിതറുകയും ചെയ്തു. ചിന്നാർ, കരിമുട്ടി, ആലാംപെട്ടി ചെക്ക്പോസ്റ്റുകളിൽ യാത്രക്കാർക്ക് പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നൽകി.
പാളപ്പെട്ടിയിലെ പ്രകൃതി നിവാസികൾക്ക് പ്ലാസ്റ്റിക് നിർമാർജനത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പ്രാധാന്യം വിശദീകരിക്കുന്ന ക്ലാസുകളും നടത്തി. പാന്പാർ നദീതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുകയും ഇല്ലിത്തൈകൾ നടുകയും ചെയ്തു. മറയൂർ മഹിളാസമഖ്യ, മറയൂർ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ ജി. അജികുമാർ, കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അശോകൻ, വനംവകുപ്പ് ജീവനക്കാർ, ഇഡിസി അംഗങ്ങൾ, ഉന്നതിനിവാസികൾ, സ്കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ അറിയിച്ചു.