ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് കർണാടക പോലീസിന്റെ പിടിയിൽ
1574416
Wednesday, July 9, 2025 11:59 PM IST
രാജാക്കാട്: ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഇടുക്കി സ്വദേശിയായ 22 കാരൻ കർണാടക പോലീസിന്റെ പിടിയിൽ. സേനാപതി പഞ്ചായത്തിലെ മുക്കുടിൽ സ്വദേശിയായ തൈപ്പറമ്പിൽ അദ്വൈതിനെയാണ് കർണാടക സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ ഓൺലൈൻ സേവനങ്ങളും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് സൂചന. കർണാടക ഗാഥായി സൈബർ പോലീസാണ് ഇടുക്കിയിലെത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്. ഈ സ്റ്റേഷൻ പരിധിയിൽ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികൾ ഉണ്ട്.
അദ്വൈതിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെ വിവിധ മേഖലയിലുള്ള ആളുകളെ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു. പണം ഇരട്ടിയാക്കൽ, വിദേശത്ത് ജോലി,സോഷ്യൽ മീഡിയിലൂടെ ബിസിനസ് പ്രൊമോഷൻ, വെബ്സൈറ്റ് നിർമാണം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ നടത്തിയാണ് ഇയാളും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്.
കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ഇതിലൂടെയായിരുന്നു പണം സ്വീകരിച്ചിരുന്നത്.
അദ്വൈതിന്റെ നേതൃത്വത്തിൽ വൻ സംഘം പ്രവർത്തിച്ചുവരുന്നതയാണ് സൂചന.നാട്ടിൽ വാഹന കച്ചവടം ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.