തൊഴിലാളികൾക്കെതിരേയുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കും: ഡിസിസി പ്രസിഡന്റ്
1574419
Wednesday, July 9, 2025 11:59 PM IST
തൊടുപുഴ: തൊഴിൽനിയമങ്ങൾ പരിഷ്കരിക്കുമെന്ന് പറഞ്ഞ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ തൊഴിലാളി സംഘടനകൾ ചെറുത്തു തോൽപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. ആശ, അങ്കണവാടി വർക്കർമാരുടെ ശന്പളവർധന കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടി അപലപനീയമാണെന്നും തൊഴിലെടുക്കുന്നവരോടുള്ള അവഗണനയുടെ കാര്യത്തിൽ മോദിയും പിണറായിയും ഇരട്ട സഹോദരൻമാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതു പണിമുടക്കിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ യുഡിടിഎഫ് മുന്നണി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജാമാട്ടുക്കാരൻ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ, കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി എ.കെ. മണി, കേരളാ കോണ്ഗ്രസ് ചീഫ് കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിനു മുന്നോടിയായി പ്രകടനവും നടത്തി.