ലൈഫ് ഭവന താക്കോൽദാനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്
1574668
Thursday, July 10, 2025 11:17 PM IST
ഇടുക്കി: അതിദരിദ്യ്ര കുടുംബങ്ങൾക്ക് മരിയാപുരം പഞ്ചായത്ത് വാങ്ങിനൽകുന്ന സ്ഥലത്തിന്റെ ആധാരം കൈമാറലും നിർമാണം പൂർത്തീകരിച്ച നാല് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും കൊച്ചുകരിന്പൻ സിഎസ്ഐ കുന്ന് സ്കൂൾപ്പടി റോഡ് നിർമാണോദ്ഘാടനവും ഇന്ന് 11നു കൊച്ചുകരിന്പനിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷത വഹിക്കും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ആധാരം കൈമാറും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് സ്ഥലംനൽകിയ വ്യക്തിയെ ആദരിക്കും. അതിദാരിദ്യ്ര നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു കുടുംബങ്ങൾക്ക് മരിയാപുരം പഞ്ചായത്തും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് ഭൂമി വാങ്ങിനൽകിയത്.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണത്തിൽനിന്ന് 45 ലക്ഷവും എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നു 20 ലക്ഷവും ചെലവഴിച്ചാണ് സിഎസ്ഐ കുന്ന് -സ്കൂൾപ്പടി റോഡ് നിർമിക്കുന്നത്. ഇതിനു പുറമേ നവീകരിച്ച കട്ടപ്പന-നടുത്തൊഴുകപ്പടി ടാങ്കുപടി റോഡിന്റെയും കരിന്പാനിപ്പടി ചപ്പാത്ത് ബൈപാസ് റോഡിന്റെയും ഉദ്ഘാടനവും വള്ളക്കടവ് പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ് കർമവും ഇന്നു വൈകുന്നേരം 5.30ന് മന്ത്രി നിർവഹിക്കും.
കട്ടപ്പന നഗരസഭ 21-ാം വാർഡിൽ നടുത്തൊഴുകപ്പടി ടാങ്കുപടി റോഡ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഗതാഗത യോഗ്യമാക്കിയത്.
കടമാക്കുഴി വാർഡിൽ കരിന്പാനിപ്പടി ചപ്പാത്ത് ബൈപാസ് റോഡിന് 25 ലക്ഷം അനുവദിച്ചാണ് നവീകരിച്ചത്. വള്ളക്കടവ് പള്ളി ജംഗ്ഷനിൽ 5,10,000 രൂപ മുടക്കിയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.