ജലസ്രോതസിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളി
1574674
Thursday, July 10, 2025 11:17 PM IST
നെടുങ്കണ്ടം: ജലസ്രോതസിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളി. നെടുങ്കണ്ടം പഞ്ചായത്തിലെ പരിവർത്തനമേട് റോഡിൽ മണിയാക്കുപാറയിലെ തോട്ടിലാണ് പലതരം മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി തള്ളിയിരിക്കുന്നത്. ഡയപ്പർ, വിസർജ്യങ്ങൾ, ആഹാരപദാർഥങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് തോട്ടിൽ തള്ളിയത്. ഇവ തോട്ടിലൂടെ ഒഴുകി പല സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ നിലയിലാണ്. പ്രദേശത്ത് ദുർഗന്ധവുമുണ്ട്.
മാലിന്യങ്ങൾ നായ്ക്കളും പക്ഷികളും എടുത്ത് പല സ്ഥലങ്ങളിലും ഇട്ടിരിക്കുകയുമാണ്. പഞ്ചായത്തിന്റെ ഗ്രാമീണമേഖലകളിൽ പ്ലാസ്റ്റിക് ശേഖരണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഹരിതകർമസേനാംഗങ്ങൾ എല്ലാ മാസവും യൂസർ ഫീ വാങ്ങുന്നുണ്ടെങ്കിലും യഥാസമയം പ്ലാസ്റ്റിക്കുകൾ കൊണ്ടുപോകാറില്ലെന്നും നാട്ടുകാർ പറയുന്നു. ജലസ്രോതസിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.