പയ്യാവ്, വാഴക്കാല മേഖലകൾ വിറപ്പിച്ച് കാട്ടാനകൾ
1574418
Wednesday, July 9, 2025 11:59 PM IST
തൊടുപുഴ: ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനകൾ. കലൂരിനു സമീപം പയ്യാവ്, വാഴക്കാല മേഖലകളിലാണ് ഇന്നലെ പുലർച്ചെ രണ്ടു കാട്ടാനകൾ എത്തിയത്. ഒട്ടേറെ വീടുകളുള്ള ഭാഗത്താണ് കൊന്പന്മാർ പുഴ കടന്നെത്തിയത്. വീടുകൾക്ക് സമീപം വരെയെത്തിയ ആനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർക്കു നേരേ ആനകൾ പാഞ്ഞടുത്തു.
നാട്ടുകാർ ബഹളംവച്ചതോടെ ആനകൾ പുഴ കടന്നെങ്കിലും പൈ ങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ, പനങ്കര ഭാഗത്തെത്തിയ ആനകൾ ഇവിടെയും ജനവാസ മേഖലയിൽ തന്പടിച്ചു. പിന്തിരിഞ്ഞു പോകുന്നതിനിടെ ആളുകൾക്കു നേരേ കാട്ടാനകൾ തിരിയുകയും ചെയ്തു. പിന്നീട് വനവംകുപ്പ് ആർആർടി സംഘവും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും മറ്റും ഇവയെ തുരത്തുകയായിരുന്നു. കാർഷികവിളകൾക്ക് നാശം വരുത്തിയാണ് ആനകൾ പിൻവാങ്ങിയത്.
ഇന്നലെ രാവിലെ വീടിനു പുറത്തിറങ്ങിയ കാക്കൂർ ഫ്രാൻസിസാണ് പുരയിടത്തിൽ ആനകൾ നിൽക്കുന്നത് കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ ഒത്തുകൂടി പൈനാപ്പിൾ തോട്ടത്തിൽ തന്പടിച്ചിരുന്ന ആനകളെ തുരത്താൻ ശ്രമമാരംഭിച്ചു. പഞ്ചായത്തംഗം ശരത് ബാബുവിന്റെ നേതൃത്വത്തിൽ ബഹളംവച്ചും പടക്കം പൊട്ടിച്ചും ആനകളെ തുരത്തുന്നതിനിടെയാണ് ഇവ ജനങ്ങൾക്കു നേരേ തിരിഞ്ഞത്.
ആനകൾ പാഞ്ഞടുത്തപ്പോൾ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ ചിലർ താഴെ വീണെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ആനകൾ പിന്നീട് കാളിയാർ പുഴ കടന്നാണ് കടവൂർ ഭാഗത്തേക്കു പോയത്. മുള്ളരിങ്ങാട് വനമേഖലയിൽനിന്നാണ് ആനകൾ എത്തിയതെന്നാണ് നിഗമനം. ഇവിടെനിന്നു നാല് കാട്ടാനകൾ ഫെൻസിംഗ് തകർത്ത് ജനവാസ മേഖലയിലേക്ക് കടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ഇതിൽ രണ്ടാനകളാണ് പയ്യാവ് ഭാഗത്തെത്തിയത്. ആദ്യമായാണ് കാട്ടാനകൾ ഇവിടെയെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ജനവാസമുള്ള പ്രദേശത്തൂടെയാണ് കിലോമീറ്ററുകൾ താണ്ടി ആനകൾ രാത്രി എത്തിയതെന്നാണ് സൂചന. ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന മേഖലയിൽ കാട്ടാനകൾ എ ത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.
മുള്ളരിങ്ങാട്ടെ പ്രതിരോധം പാതിവഴിയിൽ
കാട്ടാനശല്യം അതിരൂക്ഷമായ മുളളരിങ്ങാട് മേഖലയിൽ കാട്ടാനകളെ പ്രതിരോധിക്കാനുള്ള നടപടികൾ പാതിവഴിയിലാണ്. അതീവ ഭീതിയോടെയാണ് ജനങ്ങൾ ഇവിടെ കഴിയുന്നത്. എല്ലാ ദിവസം ജനവാസ മേഖലയ്ക്കു സമീപമാണ് കാട്ടാനകൾ തന്പടിക്കുന്നത്. പുലർച്ചെ പുറത്തിറങ്ങുവരിൽ പലരും കാട്ടാനകളുടെ മുന്നിൽ അകപ്പെടാറുണ്ട്. ഭാഗ്യംകൊണ്ടാണ് ഇവർ ആനകളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നത്.
ഏതാനും ദിവസം മുൻപ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ട വ്യാപാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുങ്ങരിങ്ങാട് കൂറ്റപ്പിള്ളിൽ ജോയിയാണ് ആനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടത്. വലിയകണ്ടംചാലിൽ ബേക്കറിയും ചായക്കടയും നടത്തുന്ന ജോയി രാവിലെ കടയിലേക്കു പോകാൻ ബൈക്കിൽ വരുന്നതിനിടെ യാണു കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരു ന്നു.
മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചതിനെത്തുടർന്ന് ഇവിടെ പ്രതിരോധ സംവിധാനം ഒരുക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് പി.ജെ. ജോസഫ് എംഎൽഎയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും ഡീൻ കുര്യാക്കോസ് എംപി എട്ടു ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഇതിൽ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് 1.3 കിലോമീറ്റർ ദൂരം ഫെൻസിംഗ് പൂർത്തിയാക്കി. എംപി ഫണ്ട് ഉപയോഗിച്ച് ഒരു കിലോമീറ്റർ ദൂരം ഫെൻസിംഗ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
എന്നാൽ നാലു കിലോമീറ്റർ ദൂരമെങ്കിലും അടിയന്തരമായി ഫെൻസിംഗ് സ്ഥാപിച്ചെങ്കിൽ മാത്രമേ ആനകളെ വനമേഖലയിൽത്തന്നെ നിർത്താൻ കഴിയൂ. അമയൽതൊട്ടിയിലെ കാട്ടാന ആക്രമണത്തിനു പിന്നാലെ ഫെൻസിംഗ് സ്ഥാപിക്കാൻ ഏഴു ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
പൂർണമായും ഫെൻസിംഗ് സ്ഥാപിച്ചില്ലെങ്കിൽ ആനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് കടക്കാനുള്ള സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു.