വളംവില കുതിച്ചുയർന്നു; കർഷകർക്ക് കനത്ത പ്രഹരം
1574665
Thursday, July 10, 2025 11:17 PM IST
തൊടുപുഴ: കാർഷിക മേഖലയ്ക്കു കനത്ത തിരിച്ചടിയായി വളംവിലയിൽ വൻവർധന. പൊട്ടാഷ് ഉൾപ്പെടെയുള്ള വളത്തിനാണ് വില വർധിപ്പിച്ചത്. കാർഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലാളിക്ഷാമവും ഉത്പാദന മേഖലയിലെ പ്രതിസന്ധിയും കനത്ത പ്രഹരം സൃഷ്ടിക്കുന്നതിനിടെയാണ് വളത്തിന്റെ വിലയും വർധിപ്പിച്ചിരിക്കുന്നത്.
50 കിലോ പൊട്ടാഷിന് ജൂലൈ ഒന്നു മുതൽ 250 രൂപയാണ് വർധിപ്പിച്ചത്. ഫാക്ടംഫോസിന് രണ്ടുമാസം മുന്പ് 100 രൂപയും ഈ മാസം 25 രൂപയും ഉൾപ്പെടെ 125 രൂപയുടെ വർധനവുമുണ്ടായി. മിക്കവാറും എല്ലാ കൂട്ടുവളങ്ങളിലും ഉപയോഗിക്കുന്ന പൊട്ടാഷിനുണ്ടായ വിലവർധന മറ്റു കൂട്ടുവളങ്ങൾക്കും വില വർധിക്കുന്നതിനു കാരണമാകും.
പൈനാപ്പിൾ, റബർ, തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷികൾക്ക് പൊട്ടാഷ് അനിവാര്യമാണ്. മഴക്കാലമായതിനാൽ ഇതിന് ഡിമാൻഡും കൂടുതലാണ്. ഇതിനിടെയാണ് കർഷകരെ ദുരിതത്തിലാക്കി വളത്തിന് വില വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവിനു പിന്നാലെ വളത്തിന്റെ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. പൊട്ടാഷിനും ഫാക്ടംഫോസിനും ക്ഷാമവും നേരിടുന്നുണ്ട്.
വളംവിൽപ്പനശാലകളിൽ യഥാസമയം ഇവ ലഭിക്കാത്തതിനാൽ കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്താനാകാത്ത സാഹചര്യമാണ്. ഇത്തവണ കാലവർഷം ശക്തമായിരുന്നതിനാൽ കാർഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഭൂരിഭാഗം കൃഷികളെയും മഴക്കൂടുതൽ കാര്യമായി ബാധിച്ചിട്ടുണ്ട്.
റബർ ടാപ്പിംഗ് വിരലിൽ എണ്ണാവുന്ന ദിവസം മാത്രമാണ് നടത്താനായത്. കാറ്റിൽ നിരവധിപ്പേരുടെ തന്നാണ്ടുവിളകളായ വാഴ, മരച്ചീനി, ചേന ഉൾപ്പെടെ ഒടിഞ്ഞു നശിക്കുകയും ചെയ്തു. ഇതിനിടെയാണ് വളംവില വർധിപ്പിച്ച് കർഷകന് മറ്റൊരു പ്രഹരംകൂടി നൽകിയിരിക്കുന്നത്.
കാർഷികോത്പന്നങ്ങൾക്ക് മിനിമം വില നൽകി സംഭരിക്കാൻ നടപടി സ്വീകരിക്കുന്നതോടൊപ്പം കൂടുതൽ സബ്സിഡി അനുവദിച്ച് കടക്കെണിയിൽനിന്നു കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.