ഓക്സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമായില്ല
1574670
Thursday, July 10, 2025 11:17 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജാശുപത്രിക്കായി നിർമാണം പൂർത്തീകരിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തനക്ഷമമായില്ല. പ്ലാന്റിലേക്ക് ഓക്സിജനുമായി വാഹനമെത്താൻ ആവശ്യമായ റോഡ് നിർമിക്കാത്തതാണ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാൻ തടസമായിരിക്കുന്നത്. 10,000 ലിറ്റർ ഓക്സിജനുമായി വന്ന വാഹനം പ്ലാന്റിലേക്ക് പ്രവേശിക്കാനാവാതെ തിരികെപ്പോകേണ്ടിവന്നത് വലിയ വിവാദമായിരുന്നു.
രണ്ടു കോടി രൂപ മുടക്കി നിർമിച്ച പ്ലാന്റിന്റെ നിർമാണക്കമ്പനിയുടെ കരാർ വ്യവസ്ഥകളും ഉടൻ അവസാനിക്കും. നിരവധി തവണ മെഡിക്കൽ കോളജ് അധികൃതരെ നിർമാണക്കമ്പനി നോട്ടീസ് നൽകി കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അധികൃതർ നടപടി സ്വീകരിക്കാൻ തയാറായില്ല.
സെപ്റ്റംബറിൽ നിർമാണക്കമ്പനിയുമായുള്ള കരാർ അവസാനിക്കും. ഇതോടെ രണ്ടു കോടി രൂപ മുടക്കി നിർമിച്ച പ്ലാന്റ് ഉപയോഗശൂന്യമാകും. കോവിഡ് പടർന്നു പിടിച്ചിരുന്ന കാലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച ഓക്സിജൻ പ്ലാന്റാണ് നിർമാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിക്കാൻ സാധിക്കാതിരിക്കുന്നത്. നിർമാണജോലികൾ പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ഇല്ലാത്തതിനാൽ പ്ലാന്റ് നഷ്ടപ്പെടുന്ന സാഹചര്യമാണ്.
നിലവിലെ കരാർ കമ്പനി ഒഴിവായാൽ പുതുതായി ടെൻഡർ ചെയ്യേണ്ടിവരും. അങ്ങനെ വന്നാൽ രണ്ട് കോടി രൂപ മുടക്കി പണിത പ്ലാന്റും അനുബന്ധ സംവിധാനങ്ങളും പ്രയോജനമില്ലാതാവും. ജില്ലാ ഭരണകൂടം ഇടപെട്ട് പ്ലാന്റിലേക്കുള്ള റോഡ് നിർമിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.