പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രജിസ്ട്രേഷന് വഴിയോ നാച്ചുറലൈസേഷന്‍ (വിദേശികള്‍ക്കുള്ള പൗരത്വം) വഴിയോ ഇന്ത്യന്‍ പൗരത്വം നേടുന്നവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാകും ഇനിമുതല്‍ ലഭിക്കുക. എന്നാല്‍ പ്രത്യേക അപേക്ഷയോടെ ആവശ്യപ്പെട്ടാല്‍ അച്ചടിച്ച പകര്‍പ്പ് സ്വന്തമാക്കാന്‍ സാധിക്കും.
ഇതുസംബന്ധിച്ച് 2009ലെ പൗരത്വ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുതിയ ഭേദഗതി വിജ്ഞാപനം ചെയ്തു. പൗരത്വ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണു ഭേദഗതി വരുത്തിയിരിക്കുന്നത്.
പൗരത്വ നിയമത്തിലെ സെക്ഷന്‍ 5(1) ലെ എ, സി, ഡി, ഇ,എഫ് വകുപ്പുകള്‍ പ്രകാരം ഇന്ത്യന്‍ പൗരനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ വ്യക്തിക്കും (ഇന്ത്യന്‍ പൗരന്മാരെ വിവാഹം ചെയ്തവര്‍, ഇന്ത്യന്‍ മാതാപിതാക്കള്‍ക്കു ജനിച്ചവര്‍, ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ തുടങ്ങിയവര്‍ക്ക്) ഇനി ലഭിക്കുക ഡിജിറ്റല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റായിരിക്കും. അതില്‍ ഇന്ത്യന്‍ ഗവണ്മെന്റിന്റെ അണ്ടര്‍ സെക്രട്ടറി പദവിയില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനോ കേന്ദ്ര ഗവണ്മെന്റ് അധികാരപ്പെടുത്തിയ ആളോ നേരിട്ട് ഒപ്പിട്ടതോ ഡിജിറ്റല്‍ ഒപ്പിട്ടതോ ആയിരിക്കും.
പൗരത്വ നിയമത്തിലെ സെക്ഷന്‍ 6(1) പ്രകാരം പൗരത്വം നേടുന്ന വ്യക്തികള്‍ക്കു കേന്ദ്രം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന് ഒപ്പിട്ട ഒരു ഡിജിറ്റല്‍ നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.
Tags : Citizenship Certificates Digital Format Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash