ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടന "മാവിന്' 50 വയസ്; പുതിയ നേതൃത്വവുമായി സംഘടന
Tuesday, July 15, 2025 3:34 PM IST
മെൽബൺ:1976ൽ സ്ഥാപിതമായ ഓസ്ട്രേലിയയിലെ മെൽബണിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് ഗോൾഡൻ ജൂബിലി.
50-ാം വാർഷികാഘോഷത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനും 2025 - 27 വർഷത്തേക്കുള്ള ഭരണത്തിനുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
ഞായറാഴ്ച വൈകുന്നേരം മെൽബൺ റോവില്ലെയിലുള്ള ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ അറുപത് ശതമാനത്തോളം അംഗങ്ങളും ഹാജരായിരുന്നു.
സംഘടനയിൽ പ്രാഥമിക അംഗത്വം ഉള്ളവരിൽനിന്ന് മാത്രമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വുമൺസ് ഫോറത്തെയും മീറ്റിംഗിൽ തെരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി മദനൻ ചെല്ലപ്പൻ പ്രസിഡന്റായുള്ള പാനലിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
പ്രസിഡന്റ്: മദനൻ ചെല്ലപ്പൻ, വൈസ് പ്രെസിഡന്റുമാർ: ജോസഫ് പീറ്റർ, ബിനു വർഗീസ്, ജനറൽ സെക്രട്ടറി: ഹരിഹരൻ വിശ്വനാഥൻ, ട്രെഷറർ: ഡോ. പ്രകാശ് നായർ, ജോയിന്റ് സെക്രട്ടറിമാർ: ജോസ് പ്ലാക്കൽ, അശ്വതി ഉണ്ണികൃഷ്ണൻ, പിആർഒ: പ്രതീഷ് മാർട്ടിൻ ജേക്കബ്,
സ്പോർട്സ് കോഓർഡിനേറ്റർസ്: അരുൺ സത്യൻ, ലിയോ ജോർജ്, എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ.ടി. രാഗേഷ്, സജു രാജൻ, ജിനേഷ് പോൾ, റോയ്മോൻ തോമസ്, ഗോകുൽ കണ്ണോത്ത്, പ്രിയ അനിൽകുമാർ നായർ, മോഹനൻ കൂട്ടുകൽ, ബിജിത് ബാലകൃഷ്ണൻ, ഗൗതം ശങ്കർ, അമൽ ശശി, കൾചറൽ കോഓർഡിനേറ്ററായി ജോയിന്റ് സെക്രട്ടറി കൂടിയായ അശ്വതി ഉണ്ണികൃഷ്ണനെ യോഗം തെരഞ്ഞെടുത്തു.
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 10 മുതൽ മാവിന്റെ സ്ഥിരം ഓണാഘോഷ വേദിയായ സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ അതിവിപുലവും വർണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ഗോൾഡൻ ജൂബിലി ഓണാഘോഷം ആയതിനാൽ ഇപ്രാവശ്യത്തെ ഓണത്തിനു മെൽബൺ മലയാളികൾ നൽകിയ പേര് "സുവർണ്ണോത്സവം 2025' എന്നാണ്. ഇരൂന്നൂറോളം മലയാളി പെൺകുട്ടികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടും.
ഇതോടൊപ്പം അത്തപ്പൂക്കള മത്സരം, ഓണസദ്യ, ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, സിനിമാ താരങ്ങളുടെയും സർക്കാർ ജനപ്രതിനിധികളുടെയും സാന്നിധ്യം, വിവിധ ഡാൻസ് സ്കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പരിപാടികൾ, ഗാനാലാപനങ്ങൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്.
മെൽബണിലെ മലയാളികൾ ഒത്തുകൂടി ഒരു മെഗാ ഉത്സവമായി ആഘോഷിക്കുന്ന മാവ് ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.