ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് വയനാട് സ്വദേശി
Saturday, August 16, 2025 2:17 PM IST
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി ജോൺ ജെയിംസ്. ഇന്ത്യക്കെതിരായണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലാണ് ജോൺ ജെയിംസ് ഇടംപിടിച്ചത്. വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലി കുശിങ്കൽ വീട്ടിൽ ജോമേഷ് - സ്മിത ദമ്പതികളുടെ മകനാണ് ജോൺ.
ഇവർ വയനാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ്. സിഡ്നി - ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടത്തിവരുന്ന ചിട്ടയായ പരിശീലനമാണ് ടീമിൽ ഇടംനേടാൻ സഹായിച്ചത്.
അണ്ടർ 17 വിഭാഗത്തിൽ വിക്ടോറിയക്കെതിരേ നേടിയ 94, ക്വീൻസ്ലാൻഡിനെതിരേ നേടിയ നാലു വിക്കറ്റ് നേട്ടം തുടങ്ങിയ ഓൾറൗണ്ട് പ്രകടനങ്ങളാണ് താരത്തിന് തുണയായത്.
മക്വാരി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ സ്പോർട്സ് സയൻസ് വിദ്യാർഥിയാണ്. ന്യൂസൗത്ത് വെയിൽസ് സംസ്ഥാനത്തെ മികച്ച ക്രിക്കറ്റർമാർക്ക് വേണ്ടിയുള്ള 2025-26 വർഷത്തെ ബേസിൽ സെല്ലേഴ്സ് സ്കോളർഷിപ് നേടിയിരുന്നു ജോൺ.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയിൽ മൂന്ന് 50 ഓവർ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ ബ്രിസ്ബേൻ, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
2026 ജനുവരിയിൽ സിംബാബ്വേയിലും നമീബിയയിലും നടക്കുന്ന ഐസിസി അണ്ടർ 19 ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഈ പരമ്പര. ജോൺ ജെയിംസിനൊപ്പം ഇന്ത്യൻ വംശജരായ മറ്റു രണ്ട് കളിക്കാർ കൂടി ഓസ്ട്രേലിയൻ ടീമിലുണ്ട്.
വിക്ടോറിയയിൽ നിന്നുള്ള ആര്യൻ ശർമയും ന്യൂസൗത്ത് വെയിൽസിൽ നിന്നുള്ള യാഷ് ദേശ്മുഖുമാണ് ടീമിലിടം നേടിയത്. ഓസ്ട്രേലിയൻ സീനിയർ ടീം മുൻ കോച്ച് ടിം നീൽസണാണ് സ്ക്വാഡിന്റെ ഹെഡ് കോച്ച്.
അണ്ടർ 19 ടീമിൽ സ്ഥാനം പിടിക്കുക എന്നതാണ് താരത്തിന്റെ അടുത്ത ലക്ഷ്യം. ഇന്ത്യൻ യുവ താരമായ യശ്വസി ജയ്സ്വാളിനെ ആരാധിക്കുന്ന ജോണിന് ഐപിഎൽ കളിക്കുകയെന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
മലയാളി ക്രിക്കറ്റ് ക്ലബായ കൈരളി തണ്ടേഴ്സ് പെന്റിത്തിനു വേണ്ടി കളിച്ചിട്ടുള്ള ജോണിന്റെ വിജയങ്ങൾ മലയാളി സമൂഹത്തിനും ഇന്ത്യൻ വംശജർക്കും അഭിമാനകരമാണ്.
മുൻ എംഎൽഎയും വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സണും കെ.സി. റോസക്കുട്ടിയുടെ അനന്തരവനാണ് ജോൺ ജെയിംസ്.