ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
സൈജു സി.പി.
Thursday, September 4, 2025 3:25 AM IST
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ (ജിസിഎംഎ) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം അതിവിപുലമായ കലാസാംസ്കാരിക പരിപാടികളുടെയും ഓണസദ്യയുടെയും അകമ്പടിയോടെ ഓഗസ്റ്റ് 29ന് റൊബീന കമ്യുണിറ്റി ഹാളിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.
ജിസിഎംഎ പ്രസിഡന്‍റ് മനോജ് തോമസിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഗോൾഡ് കോസ്റ്റ് സിറ്റി കൗൺസിൽ മൾട്ടികൾച്ചറൽ ഓഫിസർ തോമസ് ബ്രൂക് ഉദ്ഘാടനം ചെയ്തു.
ഫാ. അശോക് തോമസ്, ഡോ. ചൈതന്യ ഉണ്ണി, ജിസിഎംഎ മുൻ പ്രസിഡന്റും നിലവിൽ യുഎംക്യു വൈസ് പ്രസിഡന്റുമായ സാജു എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു. പ്രശസ്ത കലാകാരി ലക്ഷ്മി ജയൻ അവതരിപ്പിച്ച വയലിൻ ഗാന വിസ്മയം ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
ജിസിഎംഎ സെക്രട്ടറി ആന്‍റണി സ്വാഗതവും കമ്മിറ്റി അംഗം സിബി മാത്യു നന്ദിയും രേഖപ്പെടുത്തി. കമ്മിറ്റി അംഗങ്ങളായ കമൽ, വിപിൻ, ബിബിൻ, മോൻസ്, അരുൺ, ജെൽജോ, ട്രീസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.