സൗദിയിൽ എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി
Monday, August 4, 2025 10:41 AM IST
റിയാദ്: സൗദി സർക്കാർ ഒറ്റ ദിവസം എട്ടു പേരുടെ വധശിക്ഷ നടപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വന്തം അമ്മയെ കൊലപ്പെടുത്തിയ സൗദി പൗരനും വധശിക്ഷയ്ക്കു വിധേയരായവരിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു സൊമാലിയക്കാർ, മൂന്ന് എത്യോപ്യക്കാർ എന്നിവരാണു മറ്റുള്ളവർ. സൗദിയിലേക്കു ഹാഷിഷ് കടത്തിയെന്ന കുറ്റമാണ് ഈ ഏഴുപേർക്കെതിരേ തെളിഞ്ഞത്.
ഈ വർഷം സൗദിയിൽ 230 പേർ വധശിക്ഷയ്ക്കിരയായി എന്നാണ് റിപ്പോർട്ട്. ഇതിൽ 154ഉം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. കഴിഞ്ഞ വർഷം 338 പേർക്കാണ് സൗദി ഭരണകൂടം വധശിക്ഷ നല്കിയത്.