കേളി ബത്ത ഏരിയ ക്വിസ് മത്സരം സംഘടിപ്പിച്ചു
Monday, August 4, 2025 1:16 PM IST
റിയാദ്: കേളി കലാ സംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനത്തോടനുബന്ധിച്ച് ഇന്റർ കേളി ക്വിസ് മത്സരം "കേളി ക്വിസ്റ്റ് 2025' എന്ന പേരിൽ സംഘടിപ്പിച്ചു.
ബത്ഹ ലൂഹ ഹാളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ് നിർവഹിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിന് സമ്മേളന സംഘാടക സമിതി കൺവീനർ ഫക്രുദ്ദീൻ സ്വാഗതമാശസിച്ചു.
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, ബത്ഹ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ്, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി ബത്ഹ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ രാമകൃഷ്ണൻ, ഏരിയ ട്രഷററും കേന്ദ്ര കമ്മറ്റി അംഗവുമായ ബിജു തായമ്പത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

കേന്ദ്ര സാംസ്കാരിക സമിതി ജോയിന്റ് കൺവീനറും ബത്ഹ ബി ജോയിന്റ് സെക്രട്ടറിയുമായ മൂസ കൊമ്പൻ ക്വിസ് മത്സരത്തിന്റെ അവതാരകനായി. അസീസിയ, ബത്ഹ,ബദിയ, മലാസ്, സുലൈ, സനയ അർബൈൻ എന്നീ ഏരിയകളും കുടുംബവേദിയും മത്സരത്തിൽ പങ്കെടുത്തു.
അത്യന്തം വാശിയേറിയ മത്സരത്തിൽ മലാസ് ഏരിയയെ പ്രതിനിധീകരിച്ച സുജിത്തും ലബീബും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. നാസർ കാരക്കുന്നും റീജേഷ് രയരോത്തും അടങ്ങിയ സുലൈ ഏരിയ ടീം രണ്ടാം സ്ഥാനവും ലജീഷ് നരിക്കോടും ശശി കാട്ടൂരും അടങ്ങിയ അസീസിയ ഏരിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സുധീഷ് തറോൽ, സൗബീഷ് എന്നിവർ സ്കോറർമാരായി പ്രവർത്തിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങി നിരവധിപേർ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.