ഓണോത്സവം ഒരുക്കി കൈരളി ഫുജൈറ യൂണിറ്റ്
Saturday, September 20, 2025 10:15 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച "ഓണോത്സവ് 2025' ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഓണോത്സവ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കൈരളി വനിതാ വിഭാഗം ഒരുക്കിയ ഓണപ്പൂക്കളം വർണവിസ്മയം തീർത്തു.
വാദ്യഘോഷങ്ങളും വർണകുടകളും കേരളീയകലാരൂപങ്ങളും മഹാബലിയും അണിനിരന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേക്കി.
ശിങ്കാരിമേളം, തിരുവാതിര, കഥക്, കൂടാതെ ശ്രീവിദ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൈരളി കലാകാരികളും സരിഗ ഡാൻസ് അക്കാദമിയും അരങ്ങിലെത്തിച്ച നൃത്തനൃത്യങ്ങൾ, പ്രശസ്ത ഗായകൻ ലിബിൻ സ്കറിയയും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ ആസ്വാദകർക്ക് ഹൃദ്യമായ ഒരു കലാവിരുന്നൊരുക്കി.
"സ്വാഗതസംഘം ചെയർമാൻ വി.എസ്. സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ് ലോക കേരളസഭാംഗവും കൈരളി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റുമായ ലെനിൻ ജി. കുഴിവേലി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഡോ. പുത്തൂർ റഹ്മാൻ ഓണ സന്ദേശം നൽകി.
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി സുധീർ തെക്കേക്കര, യൂണിറ്റ് പ്രസിഡന്റ് പ്രദീപ് രാധാകൃഷ്ണൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യൂണിറ്റ് ജോയിന്റ് കൾച്ചറൽ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും ഓണോത്സവ് സംഘാടക സമിതി കൺവീനർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു. ഡോ. മോനി കെ.വിനോദ്, സുൽത്താന ജവഹറ ടീച്ചർ എന്നിവരെ വേദിയിൽ ആദരിച്ചു.
കൈരളി മലയാളം മിഷൻ പഠനകേന്ദ്രത്തിൽ നിന്നും സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർതല മത്സരത്തിൽ സമ്മാനർഹയായ മെലീന ലീലു സിബിയ്ക്കും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഫ നസ്രിൻ, ലിബിൻ മിനു, ഫാത്തിമ മിൻഹ എന്നിവർക്കും കൈരളി ഉപഹാരങ്ങൾ സമ്മാനിച്ചു.