സൗദി കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് എംബസി നിയമസഹായം നൽകണമെന്ന് കേരള ഹൈക്കോടതി
Saturday, September 6, 2025 3:45 PM IST
റിയാദ്: സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി & പാർട്ണേഴ്സ് കമ്പനിയിൽനിന്നും 2020 - 21 കാലഘട്ടത്തിൽ അനധികൃതമായി പുറത്താക്കപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് തങ്ങളുടെ സർവീസ് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട നിയമസഹായം നൽകണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയോട് കേരള ഹൈക്കോടതി.
പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ പിരിച്ചുവിടപ്പെട്ട അഞ്ച് തൊഴിലാളികൾ ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. കേരളത്തിൽ നിന്നും 140 -ഓളം തൊഴിലാളികളാണ് കോവിഡിന്റെ മറവിൽ പിരിച്ചുവിടപ്പെട്ടത്.
രണ്ടു മാസത്തിനകം സർവീസ് ആനുകൂല്യങ്ങൾ നൽകാമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. തുടർന്ന് തൊഴിലാളികൾ എൻആർഐ കമ്മിഷൻ(കേരളം) സമീപിച്ചെങ്കിലും എംബസിയിൽ നിന്നും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിക്കുകയാണുണ്ടായത്.
തുടർന്ന് തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 21നു പ്രസ്താവിച്ച വിധിയിൽ, തൊഴിലാളികളുടെ ദുരവസ്ഥ കോടതി അംഗീകരിക്കുകയും അവരുടെ പരാതികൾ ഇന്ത്യൻ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിയമസഹായത്തിനുവേണ്ട ചില പദ്ധതികൾ സൗദി സർക്കാരിൽ ഉണ്ടെന്നും അത് പ്രയോജനപ്പെടുത്തുന്നതിന് ആദ്യം തൊഴിലാളികൾ സൗദി ലേബർ അധികാരികളെ സമീപിക്കണമെന്നാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ കോടതിയിൽ ബോധിപ്പിച്ചത്.
എന്നാൽ, തൊഴിലുടമ സൗദി കമ്പനിയായതിനാൽ തുടർന്നുള്ള നടപടി സൗദി ഗവൺമെന്റിന്റെയും തൊഴിൽ അധികാരികളുടെയും പരിധിയിലാണ് വരുന്നതെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ തടയപ്പെട്ട സർവീസ് ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ സൗദി അധികാരികളെ സമീപിക്കുന്ന പക്ഷം, ഇന്ത്യൻ എംബസി ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതോടെ, മുമ്പ് വിവേചനാധീനമായിരുന്ന സഹായം ഈ കോടതി ഉത്തരവിലൂടെ ഒരു നിയമബാധ്യതയായി മാറുന്നുണ്ട്.
വിദേശങ്ങളിൽ നിയമക്കുരുക്കുകളിൽ പെടുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഐസിഡബ്ല്യുഎഫ് പോലുള്ള നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് വേണ്ട സഹായം ചെയ്തുകൊടുക്കാനുള്ള ബാധ്യത വിദേശങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾക്കുണ്ടെന്ന് വളരെ വിശദമായ ഒരു വിധിന്യായത്തിലൂടെ (WP(C) 13444/2020 & 14496/2020) കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ സർവ്വീസ് ആനുകൂല്യങ്ങൾ നൽകാതെ അനധികൃതമായി പിരിച്ചുവിടുന്ന ചില വിദേശ കമ്പനികൾക്കെതിരെ സ്ഥാനപതികാര്യാലയങ്ങൾ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ 2020-ൽ ഫയൽ ചെയ്ത ഒരു പൊതുതാൽപര്യഹർജിയിലായിരുന്നു 62 പേജുള്ള കോടതിയുടെ സുപ്രധാനമായ വിധിപ്രസ്താവം വന്നത്.
വിദേശങ്ങളിൽ വേതന ചൂഷണത്തിനിരയാകുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് വേണ്ട നിയമസഹായം ദീർഘകാലമായി കൊടുത്തുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
ഈ വിഷയത്തെ ആസ്പദമാക്കി ജൂൺ 28ന് തിരുവനന്തപുരത്ത് വിശിഷ്ടാതിഥികൾ പങ്കെടുത്ത ഒരു പാനൽ ചർച്ചയും ഓപ്പൺ ഫോറവും "ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് ശശാങ്ക് ത്രിവേദി, മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി മോഹനദാസ്, കുടിയേറ്റ പഠന വിദഗ്ധൻ പ്രഫ. ഇരുദയരാജൻ, ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി എസ് ഷംനാദ്, സുപ്രീം കോടതി അഭിഭാഷകൻ ജോസ് അബ്രഹാം എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു.