"സമ്മർ ഡേയ്സ്' വെക്കേഷന് മദ്റസ സമാപിച്ചു
Tuesday, August 26, 2025 1:21 PM IST
ദോഹ: വേനലവധിക്കാലം വിജ്ഞാനപ്രദമാക്കാൻ അൽമനാർ മദ്റസ വിവിധ പ്രായക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച "സമ്മർ ഡേയ്സ്' വെക്കേഷൻ മദ്റസ സമാപിച്ചു.
ജൂലെെ 12 മുതൽ ഓഗസ്റ്റ് 23 വരെ നടന്ന വെക്കേഷൻ ക്ലാസിൽ വിദ്യാർഥികൾക്കായി വിവിധ ഇസ്ലാമിക വിഷയങ്ങൾക്ക് പുറമെ ആരോഗ്യ, വിവര സാങ്കേതിക, സാമൂഹിക ബോധവത്കരണവുമായി ബന്ധപ്പെട്ടും ക്ലാസുകൾ നൽകി.
രണ്ടു മാസക്കാലം നീണ്ടുനിന്ന വെക്കേഷൻ ക്ലാസിൽ മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, സ്വലാഹുദ്ധീൻ സ്വലാഹി, ഫൈസൽ സലഫി, സ്വലാഹുദ്ധീൻ മദനി, നജ്മുദ്ധീൻ സലഫി, നൗഷാദ് സലഫി, അബ്ദുൽ ഹകീം പിലാത്തറ, മുഹമ്മദ് ഇൻസമാം, മുഹമ്മദ് മുസ്തഫ, ഉവൈസ് ഹാറൂൺ, അബ്ദുൽ മാജിദ് ചുങ്കത്തറ എന്നിവർ വിവിധ ദിവസങ്ങളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി.

വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ധീൻ സ്വലാഹി അധ്യക്ഷത വഹിച്ച സമാപന സെഷനിൽ അബ്ദുൽ വഹാബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നജ്മുദ്ധീൻ സലഫി നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുജീബ് റഹ്മാൻ മിശ്കാത്തി വിതരണം ചെയ്തു.
അൽമനാർ മദ്റസ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. പുതിയ അധ്യയന വർഷത്തെ മദ്റസാ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.