ദുബായിയിൽ അപൂർവയിനം വജ്രം മോഷ്ടിക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
Tuesday, August 19, 2025 10:28 AM IST
ദുബായി: ദുബായിയില്‍ അപൂർവവും വിലയേറിയതുമായ വജ്രം മോഷ്ടിക്കാൻ ശ്രമം. 25 മില്യൺ ഡോളര്‍(218 കോടി രൂപ) വിലയുള്ള വജ്രം മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് പേരെ ദുബായി പോലീസ് അറസ്റ്റ് ചെയ്തു.
രത്ന വ്യാപാരിയിൽ നിന്ന് തട്ടിയെടുത്ത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു കവർച്ചക്കാരുടെ ശ്രമം. ഏഷ്യക്കാരാണ് പിടിയിലായത്. എട്ടുമണിക്കൂറ് കൊണ്ടാണ് ഇവരെ പിടികൂടിയത്. ഏറ്റവും ശുദ്ധമായ, ലോകത്തിലെ ഏറ്റവും അപൂർവമായ വജ്രങ്ങളിൽ ഒന്നാണ് 21 കാരറ്റ് തൂക്കമുള്ള ഈ പിങ്ക് വജ്രം.
ലോകത്ത് ഇത് 0.01 ശതമാനം മാത്രമാണുള്ളത്. അത്രയും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ വജ്രം അടുത്തിടെ ദുബായിയിലെ ഒരു പ്രാദേശിക വ്യാപാരിയുടെ പക്കലെത്തിയെന്ന് മനസിലാക്കിയാണ് സംഘം കവർച്ചയ്ക്ക് പദ്ധതിയിട്ടത്. യൂറോപ്പില്‍ നിന്നാണ് വജ്രം ദുബായിയിലെത്തിയത്.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പ്രതികൾ വ്യാപാരിയെ സമീപിച്ചു. ഒരു സമ്പന്നനായ ഉപഭോക്താവിന്റെ ഇടനിലക്കാർ എന്ന നിലയിലാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. വിശ്വാസം നേടിയെടുക്കാൻ ഇവർ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ഒരു രത്ന വിദഗ്ധനെ കൂടെ കൂട്ടുകയും ചെയ്തു.
ഇവരുടെ തന്ത്രം വിശ്വസിച്ച വ്യാപാരി വജ്രം ഇവര്‍ക്ക് കാണുന്നതിനായി ഒരു സ്വകാര്യ വില്ലയിലേക്ക് കൊണ്ടുപോയി. ആഡംബര വില്ലയിൽ വച്ചാണ് സംഘം രത്നം മോഷ്ടിക്കാനുള്ള അവസരം മുതലെടുത്തത്.
എന്നാൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുബായി പോലീസ് വളരെ വേഗത്തിൽ പ്രതികളെ തിരിച്ചറിയുകയും അവരുടെ താമസ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
തട്ടിയെടുത്ത വജ്രം ഒരു ചെറിയ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് രഹസ്യമായി ഒരു ഏഷ്യൻ രാജ്യത്തേക്ക് കടത്തുന്നതിന് മുമ്പ് താത്കാലികമായി സൂക്ഷിക്കാൻ വേണ്ടിയായിരുന്നു സംഘം ഇവിടെ വച്ചത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.