കേളി അൽഖർജ് ഏരിയ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു
Monday, August 18, 2025 12:09 PM IST
റിയാദ്: കേളി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ മുന്നോടിയായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. കേളി കലാസാംസ്കാരികവേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികൾ നടക്കുന്നത്.
കേന്ദ്ര സാംസ്കാരിക സമിതി അംഗം വിനയൻ മത്സരം നിയന്ത്രിച്ചു. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ ആറ് സെക്കൻഡ് സമയമാണ് നൽകിയിരുന്നത്. ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം കോഓർഡിനേറ്ററായി പ്രവർത്തിച്ചു.
50 ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ അൽഖർജ് സൂഖ് യൂണിറ്റ് അംഗം എ.പി. ചന്ദ്രൻ ഒന്നാം സ്ഥാനത്തിന് അർഹനായി. സിത്തീൻ യൂണിറ്റിലെ പി.വി. സനീഷ്, കെ. വിനീഷ്, ഹോതയൂണിറ്റിലെ എം.പി. സിദ്ദീഖ്, സിറ്റി യൂണിറ്റിലെ അബ്ദുൾ കലാം എന്നവർ രണ്ടാം സ്ഥാനം പങ്കിട്ടു.
രാമകൃഷ്ണൻ, ജയൻ പെരുനാട്, മണികണ്ഠകുമാർ, മുഹമ്മദ് ഷഫീക്ക് എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ ഭാരവാഹികൾ എന്നിവർ മത്സരത്തിൽ പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ചു.
22ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.