ഷാർജയിൽ നവരാത്രി മണ്ഡപ സംഗീതോത്സവം
Saturday, August 9, 2025 1:37 PM IST
ഷാർജ: പ്രമുഖ പ്രവാസി സാമൂഹ്യ സാംസ്കാരിക സംഘടനയായ ഏകത പതിനാലാമത് നവരാത്രി മണ്ഡപ സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 മുതൽ 28 വരെ ഷാർജ ലുലു സെൻട്രൽമാളിലാണ് പരിപാടി നടക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി രാവിലെ ഏഴ് മുതൽ രാത്രി 10 വരെ തുടർച്ചയായി നടക്കുന്ന സംഗീതാർച്ചനയിൽ ഇന്ത്യയിലേയും യുഎഇയിലേയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും പ്രശസ്തരായ സംഗീതജ്ഞരും പക്കമേളക്കാരും പങ്കെടുക്കും.
വിജയദശമി ദിനത്തിൽ വിദ്യാരംഭവും നടക്കുന്നതാണ്. കർണാടിക് സംഗീതോത്സവത്തിൽ അഗ്രഗണ്യരായ വ്യക്തികൾക്ക് എല്ലാ വർഷവും നൽകി വരുന്ന ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരം ഈ വർഷം നൽകി ആദരിക്കുന്നത് പ്രശസ്ത സംഗീത വിദ്വാൻ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരാണ്.
പ്രശസ്ത വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ, ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, പ്രഫ. പൊൻകുന്നം രാമചന്ദ്രൻ, ഏകത പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.