സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
അബ്ദുല്ല നാലുപുരയിൽ
Monday, August 18, 2025 3:45 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി. 3000-ത്തിലധികം പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
രാവിലെ 7.30ന് ഗാന്ധിജിയുടെ പ്രതിമയ്ക്കു മുമ്പിലും രക്തസാക്ഷി സ്മാരക ഫലകത്തിനു മുന്നിലും നടന്ന പുഷ്പാർച്ചനയ്ക്ക് അംബസഡർ ഡോ. ആദർശ് സ്വൈക നേതൃത്വം നൽകി. തുടർന്ന് ഇന്ത്യൻ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദേശം ആദർശ് സ്വൈക വായിച്ചു. രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ കഴിഞ്ഞ 78 വർഷങ്ങളിലുണ്ടായ ഇന്ത്യയുടെ നേട്ടങ്ങൾ പരാമർശിച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമായി തീർക്കുന്നതിനായി എല്ലാവരും ആത്മാർഥമായി പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളും അംബസഡർ പ്രത്യേകം ചൂണ്ടിക്കാട്ടി. രാജ്യാന്തര ഭീകരവാദ ഭീഷണി ഇല്ലാതാക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ വിജയകരമായതായി പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.
"വൊക്കൽ ഫോർ ലോക്കൽ' മുഖേന സ്വയംപര്യാപ്തമായ ഇന്ത്യയെ നിർമിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ - കുവൈറ്റ് ബന്ധം സമകാലീന ചരിത്രത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലാണെന്ന് അംബാസഡർ പറഞ്ഞു.
2024 ഡിസംബർ മാസത്തിൽ നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചതും ഇന്ത്യ - കുവൈറ്റ് ബന്ധങ്ങൾക്ക് കുവൈറ്റ് നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയും ഇതിന് പ്രധാന കാരണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.