അഞ്ച് മാസമുള്ള കുഞ്ഞിന്റെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി
അനിൽ സി. ഇടിക്കുള
Monday, August 18, 2025 4:37 PM IST
അബുദാബി: ഏറെ സങ്കീർണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ വിജയകരമായി പൂർത്തിയായി.
യുഎഇ സ്വദേശികളായ യഹ്യയുടെയും ഭാര്യ സൈനബ് അൽ യാസിയുടെയും മകൻ അഹമ്മദ് അഞ്ചാം മാസത്തിലാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ നടക്കുമ്പോൾ ഭാരം വെറും 4.4 കിലോഗ്രാം.
ഇളയമ്മ പകുത്തു നൽകിയ കരൾ മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു ഉൾപ്പെടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയിലെ (ബിഎംസി) മൾട്ടിഡിസിപ്ലിനറി സംഘം വിജയകരമായി അഹമ്മദിലേക്ക് ചേർത്തുവച്ചപ്പോൾ പിറന്നത് അപൂർവ വിജയഗാഥ.
അനിശ്ചിതത്വത്തിൽ നിന്നും പ്രതീക്ഷയിലേക്ക്
2010ൽ കരൾ രോഗത്തെ തുടർന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ട യഹ്യക്കും ഭാര്യക്കും അഹമ്മദിന്റെ ജനനം പുതിയൊരു പ്രതീക്ഷയായിരുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അതിഥിയുടെ വരവ് എല്ലാവരിലും സന്തോഷം നിറച്ചു.
എന്നാൽ, ജനിച്ചയുടൻ തന്നെ കുഞ്ഞിന്റെ കരളിന്റെ എൻസൈമുകളിൽ ഉണ്ടായ വർധനവ് ആശങ്ക പടർത്തി. സ്ഥിരത കൈവരിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷയെങ്കിലും അധികം വൈകാതെ അഹമ്മദിന്റെ നില വഷളാകാൻ തുടങ്ങി.
ATP6AP1 എന്ന ജീനിലെ വ്യതിയാനം മൂലം ജന്മനായുള്ള ഗ്ലൈകോസൈലേഷ്യൻ തകരാറാണ് അഹമ്മദിനെന്ന് ഡോക്ടർമാർ കണ്ടെത്തി. ലോകത്തിൽ ഇരുപത്തിയഞ്ചിൽ താഴെ മാത്രം ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവ ജനിതക രോഗം.
ശരീരത്തിലെ വിവിധ ഭാഗങ്ങളെ, പ്രത്യേകിച്ച് കരളിനെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. അഹമ്മദിന്റെ കാര്യത്തിൽ കരൾ പൂർണമായും പ്രവർത്തന രഹിതമാകുന്ന ഘട്ടമായിരുന്നു.
അപൂർവമായ ഈ രോഗാവസ്ഥയെ നേരിടുമ്പോൾ തങ്ങളുടെ മുൻപിൽ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളായിരുന്നു എന്ന് ബിഎംസിയിലെ അബ്ഡോമിനൽ ട്രാൻസ്പ്ലാന്റ് ആൻഡ് ഹെപ്പറ്റോ - പാൻക്രിയാറ്റിക്കോ - ബൈലിയറി സർജൻ ഡോ. ജോൺസ് ഷാജി മാത്യു ഓർക്കുന്നു.
കരൾ മാറ്റി വയ്ക്കുക എന്നത് മാത്രമായിരുന്നു കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള പോംവഴി. ജീവിതത്തിലൊരിക്കലും അവയവദാനത്തെ കുറിച്ച് ചിന്തിക്കാത്ത യഹ്യയുടെ സഹോദരന്റെ ഭാര്യ ദാതാവായി എത്തിയതോടെ വീണ്ടും പ്രതീക്ഷയുടെ നാളുകൾ.
വെല്ലുവിളികളെ മറികടന്ന് ശസ്ത്രക്രിയ
മികച്ച ദാതാവിനെ ലഭിച്ചെങ്കിലും കുഞ്ഞിന്റെ പ്രായം, ചെറിയ ശരീരം, തീപ്പെട്ടിക്കോലിനെക്കാൾ കനം കുറഞ്ഞ രക്തക്കുഴലുകൾ കേടുപാടുകൾ കൂടാതെ കൈകാര്യം ചെയ്യുക തുടങ്ങി നിരവധി സങ്കീർണതകളെ മറികടന്ന് കരൾ ചേർത്തു വയ്ക്കുക എന്നതായിരുന്നു വൈദ്യസംഘത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.
എല്ലാ വെല്ലുവിളികളെയും മറികടന്ന് 12 മണിക്കൂറിൽ ദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ബുർജീൽ അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് പ്രോഗ്രാമിലെ ട്രാൻസ്പ്ലാന്റ് സർജറി ഡയറക്ടർ ഡോ. ഗൗരബ് സെന്നും ഡോ. ജോൺസ് ഷാജി മാത്യുവും നയിച്ച സംഘം, ദാതാവിന്റെ കരളിൽ നിന്ന് സൂക്ഷ്മമായി എടുത്ത ഒരു ചെറിയ ഭാഗം അഹമ്മദിൽ ഘടിപ്പിച്ചു.
ദാതാവിന്റെ കരളിന്റെ ഒരു ചെറിയ ഭാഗം കുഞ്ഞിന്റെ ശരീരഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ കൃത്യമായി രൂപപ്പെടുത്തിയാണ് ഉപയോഗിച്ചത്. കുഞ്ഞു ശരീരത്തിലെ ഓരോ ഘടനയും സങ്കൽപ്പിക്കാവുന്നതിലും ലോലമാണ്. അതിനാൽ തന്നെ ശസ്ത്രക്രിയയ്ക്ക് സാങ്കേതിക വൈദഗ്ധ്യം മാത്രമല്ല, നിരന്തരമായ ശ്രദ്ധയും ആവശ്യമായിരുന്നു എന്ന് ഡോ. ഗൗരബ് പറഞ്ഞു.
അനസ്തേഷ്യ ഡിവിഷൻ ചെയർ ഡോ. രാമമൂർത്തി ഭാസ്കരൻ, ഡോ. ജോർജ് ജേക്കബ്, ഡോ. എസ്. അൻഷു എന്നിവർ പീഡിയാട്രിക് അനസ്തേഷ്യ കൈകാര്യം ചെയ്തു. പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് കൺസൽട്ടന്റ് ഡോ. കേശവ രാമകൃഷ്ണനും സംഘവും ഓപ്പറേഷന് ശേഷമുള്ള പരിചരണത്തിന് നേതൃത്വം നൽകി.
ഞങ്ങളുടെ ആദ്യത്തെ മകനെ നഷ്ടപ്പെട്ടപ്പോഴുള്ള വേദന ഇപ്പോഴും എനിക്ക് ഓർമയുണ്ട്. അഹമ്മദിനും സമാനമായ പ്രശ്നമുണ്ടെന്ന് കേട്ടപ്പോൾ, ഇതാണ് ഞങ്ങളുടെ വിധി എന്ന് കരുതി. പക്ഷേ ഡോക്ടർമാർ ഞങ്ങൾക്ക് പ്രതീക്ഷ നൽകിയെന്ന് അഹമ്മദിന്റെ പിതാവ് യഹ്യ പറഞ്ഞു.
എക്സ്ട്യൂബേറ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ അഹമ്മദിന് ഭക്ഷണം നൽകാൻ തുടങ്ങി. കരൾ മികച്ച രീതിയിൽപ്രവർത്തിക്കാനും തുടങ്ങി. പീഡിയാട്രിക് ഇന്റൻസിവിസ്റ്റുകൾ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, റേഡിയോളജിസ്റ്റുകൾ, റിഹാബിലിറ്റേഷൻ വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി സംഘം അഹമ്മദിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതിൽ നിർണായക പങ്കുവഹിച്ചു.
ദീർഘ കാല പരിചരണത്തിന്റെ ഭാഗമായി അഹമ്മദിന്റെ വളർച്ചയുടെ ഓരോ ഘട്ടവും മെഡിക്കൽസംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.