കേളി ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് : സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച
Friday, August 22, 2025 7:28 AM IST
റിയാദ്: കേളി കലാസാംസ്ക്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒൻപതാമത് സുലൈ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാമത് ’കേളി ടി.എസ്ടി കപ്പ് ’ ക്രിക്കറ്റ് ടൂർണമെൻ്റിന്റെ സെമി ഫൈനലും , ഫൈനലും 2025 ഓഗസ്റ്റ് 22 ന് സുലൈ എംസിഎ, ടെക്സാ ഗ്രൗണ്ടുകളിൽ നടക്കും.
ആദ്യ സെമി ഫൈനലിൽ ഉസ്താദ് ഇലവനും രത്നഗിരി റോയൽസും തമ്മിലും, രണ്ടാം സെമിയിൽ ട്രാവൻകൂർ സിസിയും റോക്ക്സ്റ്റാർസ് സിസിയും തമ്മിലും മാറ്റുരയ്ക്കും. ഇരു മത്സരത്തിലെയും വിജയികൾ തമ്മിൽ വൈകുന്നേരം 6.30 ന് ടെക്സാ ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടും.
ടൂർണമെന്റിന്റെ മൂന്നാം വാരത്തിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രത്നഗിരി റോയൽസ്, കിങ്സ് മലാസിനെ 81 റൺസിനും, രണ്ടാം മത്സരത്തിൽ ഉസ്താദ് ഇലവൻ റിയാദ് വാരിയേഴ്സിനെ 27 റൺസിനും, മൂന്നാമത്തെ മത്സരത്തിൽ റോക്സ്റ്റാർസ് സിസി, റിബൽസ് റിയാദിനെ 8 വിക്കറ്റിനും, നാലാം മത്സരത്തിൽ ട്രാവൻകൂർ സിസി ടീം ഐടിഎല്ലിനെ 22 റൺസിനും പരാജയപ്പെടുത്തി. ജുനേദ് (രത്നഗിരി റോയൽസ് ), നന്ദു സംഗീത് (ഉസ്താദ് ഇലവൻ), ജസീൽ എം.ജെ (റോക്ക്സ്റ്റാർസ് സിസി ) , വാരീസ് ഭായ് ( ട്രാവൻകൂർ സിസി) എന്നിവർ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരശേഷം സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷനായ ചടങ്ങിൽ ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് മത്സരഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുലൈ ഏരിയ പ്രസിഡന്റ് ജോർജ് , ഏരിയാ വൈസ് പ്രസിഡന്റ് സുനിൽ എന്നിവർ "മാൻ ഓഫ് ദി മാച്ച് ’ ട്രോഫികൾ സമ്മാനിച്ചു.
കേളി സുലൈ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹാഷിം കുന്നുതറ സ്വാഗതവും സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്തൈൻ നന്ദിയും അറിയിച്ചു.
മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും സുലൈ രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയുമായ കാഹിം ചേളാരി, സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, പ്രകാശൻ അയ്യൂബ്ഖാൻ കൃഷ്ണൻ കുട്ടി, വിനോദ് കുമാർ, ഷമീർ പറമ്പടി ഇസ്മായിൽ, നവാസ്, ഷമീർ ഖാൻ , സത്യപ്രമോദ്, സുബൈർ ഹാരിസ്, ജോസ്, അശോകൻ ശ്രീജിത്ത് അബ്ദുൽ സലാം, സംസീർ, നാസർ എന്നിവർ നേതൃത്വം നൽകി.