ബഹറിൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു
Wednesday, August 27, 2025 4:42 PM IST
മനാമ: ബഹറനിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസികളെ ഏകോപിപ്പിച്ചു കൊല്ലം ജില്ല കേന്ദ്രമാക്കി ബഹറിൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു.
ബഹറിനിൽ പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്റെ കീഴിൽ പ്രവാസികൾക്കും എക്സ് പ്രവാസികൾക്കും ഗുണപരമാകുന്ന തരത്തിലായിരിക്കും സംഘടനയുടെ പ്രവർത്തനം.
കൊല്ലത്തു നിന്നും ബഹറനിലേക്ക് പോകുന്നവർക്ക് മാർഗനിർദേശം നൽകുക, ബഹറനിലെ തൊഴിലവസരങ്ങൾ അറിയിക്കുക, ബഹറനിൽ പഠിക്കുന്ന കുട്ടികൾക്ക് നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക, ബഹറിൻ പ്രവാസികളുടെ നാട്ടിലെ കുടുംബത്തിനു ആവശ്യമായ സംരക്ഷണം നൽകുക, ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക, കലാ സാഹിത്യ പ്രവർത്തനങ്ങൾ നടത്തുക, തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ആനുകൂല്യങ്ങൾ അർഹരായവർക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് അസോസിയേഷൻ മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ.
കഴിഞ്ഞ ദിവസം കൊല്ലം സീ ഫോർ യു ഹാളിൽ കൂടിയ പ്രഥമ സംഗമത്തിൽ നിരവധി എക്സ് ബഹറിൻ പ്രവാസികൾ പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായ സംഗമത്തിൽ കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എക്സ് പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
തുടർന്ന് കിഷോർ കുമാർ കൺവീനറായും ഹരി, നാരായണൻ, നിസാമുദ്ധീൻ, അഭിലാഷ്, സജിത്ത്, എന്നിവർ കോഓർഡിനേറ്റർമാരായും ആറു മാസത്തേക്കുള്ള അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.
സംഗമത്തിന് കിഷോർ കുമാർ നേതൃത്വം നൽകി. കൊല്ലത്തുള്ള എക്സ് ബഹറിൻ പ്രവാസികൾക്ക് അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കാനും അസോസിയേഷനിൽ അംഗമാകാനും കിഷോർകുമാർ 9207932778, കെ. നാരായണൻ - 9446662002 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.