ആരോഗ്യ - നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് കേളി റൗദ ഏരിയ
Monday, August 25, 2025 12:58 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒൻപതാമത് റൗദ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ - നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ ജീവകാരുണ്യ കൺവീനർ കെ.കെ. ഷാജി അധ്യക്ഷനായി. കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുളളൂർക്കര പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രവാസജീവിതത്തിൽ നേരിടുന്ന ആരോഗ്യ, നിയമ, തൊഴിൽ പ്രശ്നങ്ങളെ മുൻനിർത്തിയാണ് കേളി റൗദ ഏരിയ ക്ലാസ് സംഘടിപ്പിച്ചത്.
ഹൃദയാരോഗ്യം, രക്തസമ്മർദ നിയന്ത്രണം, പ്രമേഹം, ഭക്ഷണശീലങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി മൗവസാത് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ആരോഗ്യപ്രവർത്തകൻ അനീഷ് കുമാർ ക്ലാസെടുത്തു.
പ്രവാസികളുടെ തൊഴിൽ, വീസ, ഇൻഷുറൻസ്, നിയമാവകാശങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദീൻ വിശദീകരിച്ചു.
ഏരിയ രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ, സംഘാടക സമിതി ചെയർമാൻ പി.പി. സലിം, ഏരിയ സാംസ്കാരിക വിഭാഗം കൺവീനർ പ്രഭാകരൻ ബേത്തൂർ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി ബിജി തോമസ് സ്വാഗതവും ഏരിയ സമ്മേളന സംഘാടക സമിതി ആക്ടിംഗ് കൺവീനർ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.