സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് നവയുഗം
Thursday, September 4, 2025 12:28 PM IST
ദമാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയെയും വാഴൂർ സോമൻ എംഎൽഎയും അനുസ്മരിച്ച് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുസ്മരണ സമ്മേളനം ചേർന്നു.
നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തിന്റെ അധ്യക്ഷതയിൽ തറവാട് റസ്റ്റാറന്റ് ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നവയുഗം ആക്ടിംഗ് ജനറൽ സെക്രട്ടറി സജീഷ് പട്ടാഴി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യൻ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അനുകരണീയമായ മാതൃകകൾ തീർത്ത, സാധാരണക്കാർക്കൊപ്പം എന്നും നിലകൊണ്ട, രണ്ടു ജനകീയനായ നേതാക്കളെയാണ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ബിജു വർക്കി അനുശോചന പ്രമേയം അവതരിപ്പിച്ചു.
സമ്മേളനത്തിന് പ്രിജി കൊല്ലം സ്വാഗതവും, സുനിൽ വല്യാട്ട് നന്ദിയും പറഞ്ഞു. നവയുഗം നേതാക്കളായ നിസാം കൊല്ലം, ശ്രീകുമാർ വെള്ളല്ലൂർ, നന്ദകുമാർ, റിയാസ്, രഞ്ജിത, സംഗീത ടീച്ചർ, സാബു, തമ്പാൻ നടരാജൻ, സിയാദ്, റഷീദ്, ബക്കർ, ഷിബു താഹിർ, സഹീർഷാ, ജോസ് കടമ്പനാട്, മുഹമ്മദ് ഷിബു എന്നിവർ നേതൃത്വം നൽകി.