അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
Saturday, September 20, 2025 12:23 PM IST
അബുദാബി: സാംസ്കാരിക ഉന്നതി പ്രാപിച്ചുവെന്ന അവകാശവാദങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്ന് മനുഷ്യത്വവും മൂല്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ.എം.പി. അബ്ദുസമദ് സമദാനി എംപി.
വ്യക്തിയുടെ അടിസ്ഥാനപരമായ സത്യസന്ധ്യതയും സമുഹത്തിന്റെ പരസ്പര വിശ്വാസവും അനുദിനം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ജീവിതസന്ദേശത്തിനും അധ്യാപനങ്ങള്ക്കുമുള്ള പ്രസക്തി പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘിടിപ്പിച്ച പരിപാടിയില്‍ "തിരുനബി: സൗമ്യചരിതം മനുഷ്യകുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങള്‍' എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സമദാനി.
പുരോഗമനത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ പെരുകുമ്പോഴും ദയനീയമായ സാംസ്കാരിക അധ:പതനമാണ് മനുഷ്യരാശിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. സകലമൂല്യങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് മൃഗീയവും പൈശാചികവുമായ വാസനകളിലേക്ക് മനുഷ്യര്‍ കൂപ്പ് കുത്തുന്നു.
വിദ്യാഭ്യാസം വര്‍ധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞു പോവുകയാണ്. മനുഷ്യര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളേയും വിവേചനങ്ങളേയും തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം അധര്‍മ്മങ്ങളില്‍ നിന്നും അന്ധതകളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാനാണ് തിരുനബി ആഗമനം കൊള്ളുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരിപാടി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി അധ്യക്ഷത വഹിച്ചു.
സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. ആത്മീയ പ്രഭാഷകന്‍ അഭിലാഷ് ഗോപിക്കുട്ടന് പിള്ള, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, സെന്റര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍, ട്രഷറര്‍ നസീര്‍ രാമന്തളി, വി.ടി.ബി. ദാമോദരന്‍ സംസാരിച്ചു.