യുവേഫ നേഷൻസ് ലീഗിലെ ഇംഗ്ലണ്ട് സ്പെയിന് മത്സരത്തിൽ നിന്ന്.
തോൽവി എന്തെന്നറിയാതെ എതിരാളികളെ ഓരോന്നായി കീഴടക്കി മുന്നേറിയ സ്പെയിന്റെ അജയ്യ കുതിപ്പിന് ഒടുവിൽ ഫുൾസ്റ്റോപ്പ്. 968 ദിവസം നീണ്ട അപരാജിത യാത്രയ്ക്കാണ് ഇംഗ്ലണ്ട് വിരാമമിട്ടത്. കഴിഞ്ഞ 43 മത്സരങ്ങളിൽ ലോകചാമ്പ്യൻമാർ തോൽവി എന്തെന്ന് അറിഞ്ഞിരുന്നില്ല. യുവേഫ നേഷൻസ് ലീഗിലെ തീപാറും പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ഐതിഹാസിക വിജയം.
പതിനായിരക്കണക്കിന് ആരാധകർ സാക്ഷിയായ മാഡ്രിഡിലെ പോരാട്ടത്തിൽ സമ്മർദങ്ങളെ അതിജീവിച്ച് ഇംഗ്ലണ്ട് നേടിയ വിജയം ഫുട്ബോൾ ചരിത്രത്തിലെ ശ്രദ്ധേയ അധ്യായമായി മാറി. ഓരോ നിമിഷവും ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഗോളുകൾക്കും തിരിച്ചടികൾക്കും സാക്ഷിയായ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ട് വിജയമുറപ്പിച്ചപ്പോൾ അവസാനിച്ചത് ഒരു ടീമിന്റെ വിജയക്കുതിപ്പ് മാത്രമല്ല, ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ അപരാജിത പരമ്പരകളിലൊന്നുകൂടിയായിരുന്നു.
അപരാജിത കുതിപ്പിന്റെ ചരിത്രവഴി
2024 മാർച്ചിൽ കൊളംബിയയോട് സൗഹൃദ മത്സരത്തിൽ 1-0ന് പരാജയപ്പെട്ടതിന് ശേഷമാണ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെയ്ക്ക് കീഴിൽ സ്പെയിനിന്റെ ചരിത്രപരമായ അപരാജിത കുതിപ്പിന് തുടക്കമായത്. പിന്നീട് എതിരാളികളെ ഓരോന്നായി മറികടന്ന് മുന്നേറിയ സ്പെയിൻ ലോക ഫുട്ബോളിൽ പുതിയ ചരിത്രം കുറിക്കുകയായിരുന്നു. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ ഇറ്റലി സ്ഥാപിച്ച 37 മത്സരങ്ങളുടെ റിക്കാർഡാണ് സ്പെയിൻ മറികടന്നത്. 43 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കി പുതിയ ലോക റിക്കാർഡ് സ്ഥാപിച്ച സ്പെയിൻ ഫുട്ബോൾ ചരിത്രത്തിൽ സ്വന്തം പേര് സ്വർണലിപികളിൽ എഴുതിച്ചേർത്തു.
തുടർച്ചയായ 22 ഹോം മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ടീം മുന്നേറിയത്. ഇതിൽ 17 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. 2022ൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു സ്വന്തം നാട്ടിൽ ഇതിന് മുമ്പ് സ്പെയിൻ അവസാനമായി പരാജയപ്പെട്ടത്. അതിനുശേഷം സ്വന്തം കാണികൾക്ക് മുന്നിൽ തോൽവിയറിയാതെ കുതിച്ച സ്പെയിനിന്റെ ഹോം ഗ്രൗണ്ടിലെ ആധിപത്യത്തിനും ഇംഗ്ലണ്ട് വിരാമമിട്ടു. ഈ കുതിപ്പിനിടെ നിരവധി കിരീടങ്ങളും സെപ്യിൻ തങ്ങളുടെ ഷെൽഫിൽ എത്തിച്ചു.
2024ൽ ജർമ്മനിയിൽ നടന്ന യുവേഫ യൂറോ കപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ യൂറോപ്യൻ ചാമ്പ്യന്മാരായത്. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ നാലാം കിരീടവും അവർ സ്വന്തമാക്കി. തുടർന്ന് 2026 ഫിഫ ലോകകപ്പിലും സ്പെയിൻ കിരീടം ചൂടി. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയാണ് രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.
മാഡ്രിഡിലെ ആവേശപ്പോരാട്ടം
സ്വന്തം കാണികൾക്ക് മുന്നിൽ അപരാജിത റിക്കാർഡ് കാത്തുസൂക്ഷിക്കാനിറങ്ങിയ സ്പെയിനിനെ ഇംഗ്ലണ്ട് ഞെട്ടിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം ഹാരി കെയ്ൻ നേടിയ പെനാൽറ്റി ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. രണ്ടാം പകുതിയിൽ എസ്രി കോൻസയും ബെൻ വൈറ്റും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് 3-0 എന്ന ശക്തമായ നിലയിലെത്തി.
എലിയറ്റ് ആൻഡേഴ്സൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ഇംഗ്ലണ്ടിനെതിരെ സ്പെയിൻ ശക്തമായി തിരിച്ചടിച്ചു. മൈക്കൽ ഒയാർസബാൽ പെനാൽറ്റിയിലൂടെയും നിക്കോ വില്യംസ് ലാമിൻ യമാലിന്റെ പാസിൽ നിന്നും ഗോളുകൾ നേടി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി സ്പെയിൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡിന്റെ മികച്ച സേവുകൾ സ്പെയിനിന്റെ മോഹങ്ങൾ തകർത്തു.
ഒരു യുഗത്തിന് അന്ത്യം, പുതിയ തുടക്കം
യൂറോ 2024 ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് മാഡ്രിഡിന്റെ മണ്ണിൽ മധുരപ്രതികാരം വീട്ടാൻ ഇംഗ്ലണ്ടിന് സാധിച്ചു. തോൽവി വഴങ്ങിയെങ്കിലും, 43 മത്സരങ്ങൾ നീണ്ട ആ അപരാജിത കുതിപ്പ് അന്താരാഷ്ട്ര ഫുട്ബോളിൽ എന്നും ഒരു വിസ്മയമായി നിലനിൽക്കും. യുവതാരങ്ങളായ ലാമിൻ യമാലിന്റെയും നികോ വില്യംസിന്റെയും നേതൃത്വത്തിൽ പുതിയൊരു വിജയപരമ്പരയ്ക്ക് തുടക്കമിടാനാകും ഇനി സ്പെയിനിന്റെ ശ്രമം.
Tags : InternationalFootball UEFANationsLeague England Spain UnbeatenRun FootballRecords Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash